Showing posts with label Kalambady Usthad. Show all posts
Showing posts with label Kalambady Usthad. Show all posts

ഫിഖ്ഹും തസവ്വുഫും

ഫിഖ്ഹും തസവ്വുഫും പരസ്പര പൂരകങ്ങളായ രണ്ടു വശങ്ങള്‍ - കാളന്പാടി മുഹമ്മദ് മുസ്‍ലിയാര്‍

ഇസ്‍ലാമിക ശരീഅത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ് ഫിഖ്ഹും തസ്വവ്വുഫും. ഒന്നില്ലാതെ മറ്റേത് അര്‍ത്ഥപൂര്‍ണ്ണമാവുകയില്ല. അതുകൊണ്ട് തസ്വവ്വുഫില്ലാത്ത ഫിഖ്ഹ്, ഫിഖ്ഹില്ലാത്ത തസ്വവ്വുഫ് തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ തന്നെ ശരിയല്ല. പ്രത്യക്ഷ കര്‍മങ്ങളെ സംബന്ധിക്കുന്നതാണെല്ലോ ഫിഖ്ഹ്. അവ മാത്രം നന്നായാല്‍ പോര, മനസ്സും ആന്തരിക ചലനങ്ങളും കൂടി സംസ്കരിക്കപ്പെട്ടതാണ്. അത് തസ്വവ്വുഫ് എന്നു കരുതി ബാഹ്യകര്‍മ്മങ്ങളെ അവഗണിച്ചു മുന്നോട്ടു പോകാന്‍ പറ്റുമോ . . അതും പാടില്ല. ഇന്ന് ഉദ്ദേശിക്കപ്പെട്ട അര്‍ത്ഥമായിരുന്നില്ല ആദ്യകാലത്ത് പ്രവാചകന്മാരുടെയും അനുയായികളുടെയും കാലത്ത് ഫിഖ്ഹിനുണ്ടായിരുന്നത്. ഇന്നത്തേക്കാള്‍ വിശാലമായ അര്‍ത്ഥമായിരുന്നു അന്നതിന്ന്.
സൂറത്തുത്തൌബയില്‍ അള്ളാഹു ഉപദേശിക്കുന്നു. - മടങ്ങിയെത്തുന്പോള്‍ സൂക്ഷ്മത പാലിക്കുന്നവനായി അവര്‍ക്ക് താക്കീത് നല്‍കുവാനും മതകാര്യങ്ങള്‍ പഠിപ്പിക്കാനുമായി (ലിയതഫഖഹൂ..) അവരില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം എന്തുകൊണ്ട് പോകുന്നില്ല (സൂക്തം 122) ആയത്തിലെ -ഇല്‍മ് പഠിപ്പിക്കുവാന്‍ വേണ്ടി - എന്നതിനെ ഒന്നിരിക്കല്‍ - എന്തുകൊണ്ട് പോകുന്നില്ല - എന്നതിനോടോ(ഫലൌലാ നഫറുന്‍ ) ഓരോ സംഘം എന്തുകൊണ്ട് നബിയുടെ കൂടെ ഇരിക്കുന്നില്ല എന്ന സാങ്കല്‍പ്പിക വ്യാഖ്യാനത്തോടോ ബന്ധിപ്പിക്കാവുന്നതാണ്. ആദ്യത്തേതു പ്രകാരം ഫലൌലാ നഫറുന്‍ എന്നതിന്‍റെ അര്‍ത്ഥം എന്തുകൊണ്ട് അറിവ് പാലിക്കാന്‍ പോകുന്നില്ല എന്നായി മാറുന്നു. ചുരുക്കത്തില്‍ ഓരോ തറവാട്ടില്‍ നിന്നും ഓരോ നാട്ടില്‍ നിന്നും ഓരോ വിഭാഗം ആളുകള്‍ ഫിഖ്ഹ് പഠിക്കാന്‍ വേണ്ടി നാടുവിട്ടു പോകുകയോ നാട്ടില്‍ സൌകര്യമുണ്ടെങ്കില്‍ അവിടെ വെച്ചു തന്നെ പഠിക്കുകയോ ചെയ്യണമെന്ന് പ്രസ്തുത ആയത്തിലൂടെ അള്ളാഹു സഗൗരവം ഉപദേശിക്കുന്നു. ഇത്തരക്കാര്‍ നാടുവിട്ടുപോയി മടങ്ങി വരുന്പോള്‍ അവശേഷിക്കുന്ന ആളുകള്‍ കൂടി അവര്‍ പഠിച്ച കാര്യങ്ങള്‍ പറഞ്ഞു കൊടുക്കണം. ഇതുകേട്ട് അവരും നന്നായിത്തീരുന്നതിന്ന് വേണ്ടിയാണിത്. ആയത്തിലെ ഫിര്‍ഖത്ത് എന്നതില്‍ കുടുംബം, തറവാട്, തുടങ്ങിയ അര്‍ത്ഥമുണ്ട്. മഹാനായ ഇബ്നു അബ്ബാസ് (റ) പറയുന്നു. - നാടുവിട്ടു പഠിക്കുന്ന ഇല്‍മ് അനുഗ്രഹം ചെയ്യപ്പെട്ട അറിവാണ്. ഇവിടെ ആയത്തില്‍ പരാമര്‍ശിച്ച ഫിഖ്ഹിന്‍റെ അര്‍ത്ഥം ഫുഖഹാക്കളും മുഹദ്ദിസുകളും മുഫസ്സിറുകളും പറയുന്നത് ഇഹലോകത്തും പരലോകത്തും സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ ഉള്ളത് എന്നാണ്. നിദാന ശാസ്ത്ര ഗ്രന്ഥങ്ങളിലും ഇതു കാണാവുന്നതാണ്. ഈയര്‍ത്ഥത്തില്‍ ആത്മ ശുദ്ധീകരണവും പെടുന്നു. വിവിധ വിധിവിലക്കുകളും പെടുന്നു. അതുകൊണ്ട് ഖുര്‍ആന്‍റെ ഭാഷയില്‍ ഫിഖ്ഹ് എന്നാല്‍ ഇന്നത്തെ അര്‍ത്ഥത്തിലെ ഫിഖ്ഹും തസവ്വുഫും രണ്ടും കൂടി ചേര്‍ന്നതാണ്. ഒന്നു മാത്രമല്ല. വെറും ആത്മ ശുദ്ദീകരണം ചേര്‍ന്നാലോ കേവലം വിവിധ വിലക്കുകള്‍ ചേര്‍ന്നാലോ ഖുര്‍ആനിലെ ഫിഖ്ഹ് ആകുന്നില്ല. പ്രവാചകര്‍ (സ) പറഞ്ഞു. ഒരാളെക്കൊണ്ട് അള്ളാഹു ഗുണം ഉദ്ദേശിച്ചാല്‍ അവനെ അല്‍പ്പാല്‍പ്പം ഫിഖ്ഹ് പഠിക്കുന്ന ആളായി മാറ്റുകയും അവന് നേര്‍വഴി തോന്നിപ്പിച്ചു കൊടുക്കുകയും ചെയ്യും. ഇവിടെയും ഫിഖ്ഹില്‍ തസ്കിയത്തു കൂടി ഉള്‍പ്പെടുന്നു.
ഫിഖ്ഹിന് തഖ്‍വ എന്നും പറയാറുണ്ട്. കല്‍പ്പിച്ചവ ചെയ്യുകയും വിരോധിച്ചവ ഒഴിവാക്കുകയുമാണ് തഖ്‍വ. കല്‍പ്പിച്ച കാര്യങ്ങള്‍ വുജൂബും സുന്നത്തും പെടുന്നു. നിരോധിക്കപ്പെട്ടവയില്‍ ഹറാമും കറാഹത്തും പെടുന്നു. ഇതുവരെ പറഞ്ഞ കാര്യങ്ങളില്‍ നിന്നെല്ലാം വ്യക്തമാകുന്നത് ആദ്യകാലങ്ങളില്‍ ഫിഖ്ഹ് എന്ന് പറഞ്ഞാല്‍ തന്നെ ഇന്നത്തെ ഫിഖ്ഹും തസ്വവ്വുഫും മറ്റു വിജ്ഞാന ശാഖകളും ഉള്‍ക്കൊണ്ടിരുന്നെന്നാണ്. പില്‍ക്കാലത്ത് ഇവ വേര്‍തിരിച്ചു മനസ്സിലാക്കപ്പെടാന്‍ ചില കാരണങ്ങളുമായി അഥവാ, അഹ്‍ലുസ്സുന്നത്തി വല്‍ ജമാഅയെ നഖശിഖാന്തം എതിര്‍ക്കുന്ന ബിദഈ പ്രസ്താനക്കാര്‍ ഇസ്‍ലാമിലെ വിവിധ വിജ്ഞാന ശാഖകളെ ആക്ഷേപിച്ചും എതിര്‍ത്തും രംഗത്തുവന്നു. അങ്ങനെ ഓരോ വിഷയവും വേര്‍തിരിച്ച് കേന്ദ്രീകരിക്കുവാനും അതിലെ സംശയങ്ങള്‍ ദുരീകരിച്ച് ബിദ്അത്ത് ചിന്താഗതിക്കാരുടെ വായടക്കുവാനും പണ്ഡിതന്മാര്‍ നിര്‍ബന്ധിതരായി. ബിദ്അത്തുകാര്‍ വിധിവിലക്കുകള്‍ പരാമര്‍ശിക്കുന്ന വിജ്ഞാന മേഖലയെ ആക്ഷേപിച്ചപ്പോള്‍ ഉലമാഇന്ന് അതില്‍ പ്രത്യേകം ഗ്രന്ഥങ്ങള്‍ രചിക്കേണ്ടി വന്നു. ഹറാം, കറാഹത്ത്, ഹലാല്‍ . .. . തുടങ്ങിയവ മാത്രം പെടുന്ന ഫിഖ്ഹിന് സ്വന്തമായി കേന്ദ്രീകരിക്കേണ്ടി വന്നു. അങ്ങനെയാണ് ഇമാം ശാഫിഈ (റ) യുടെ ഉമ്മ് മുതല്‍ സൈനുദ്ധീന്‍ മഖ്ദൂം (റ) യുടെ ഫതഹുല്‍ മുഈന്‍ വരെയുള്ള കിതാബുകള്‍ ശുചീകരണം, നിസ്കാരം, നോന്പ്, ഹജ്ജ്, കച്ചവടം, ഇടപാടുകള്‍ , വിവാവം, വിവാഹ മോചനം തുടങ്ങി അടിമ സ്ത്രീ-പുരുഷന്മാരെ മോചിപ്പിക്കുക വരെയുള്ള വിഷയങ്ങള്‍ പരാമര്‍ശിച്ചു കൊണ്ട് രചിക്കപ്പെടുന്നത്. പതുക്കെ പതുക്കെ ഇതുമാത്രം ഫിഖ്ഹ് എന്ന പദം കൊണ്ട് ഉദ്ദേശിച്ചു തുടങ്ങി. പ്രതിയോഗികള്‍ തസ്വവ്വുഫിനെ ആക്ഷേപിച്ചപ്പോള്‍ അസൂയ, പൊങ്ങച്ചം, ദേഷ്യം, ലോകമാന്യം, ദുന്‍യാവു സന്പാദിക്കാനുള്ള ആഗ്രഹം തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് മനുഷ്യരെ സംസ്കരിക്കുവാനായി ഇഹ്‍യാ ഉലൂമുദ്ദീന്‍ മുതല്‍ അദ്കിയ അടക്കമുള്ള നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. അങ്ങനെ പരാമര്‍ശിച്ചുകൊണ്ട് ശര്‍ഹുല്‍ മഖാസ്വിദ്, ശര്‍ഹുല്‍ അഖാഇദ്, സനൂസി തുടങ്ങിയ കിതാബുകളും രംഗപ്രവേശം ചെയ്തു. ഇങ്ങനെയാണ് പ്രവാചകരുടെ (സ) കാലത്ത് ഫിഖ്ഹ് എന്ന പേരിലറിയപ്പെട്ട വിജ്ഞാനങ്ങള്‍ . ഫിഖ്ഹ്, തസ്വവ്വുഫ്, അഖീദ എന്നിങ്ങനെ പലതായി വിഭജിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഈ വകുപ്പുകളെല്ലാം അടങ്ങിയതാണ് പ്രവാചകരുടെ സുന്നത്ത്. അവിടത്തെ ത്വരീഖത്ത്, ശരീഅത്ത് എന്നെല്ലാം പറയുന്പോള്‍ തിരുദൂതര്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും അനുവദിച്ചതുമായ കാര്യങ്ങളാണ്. പ്രവാചകരുടെ ത്വരീഖത്തിനേയും ശരീഅത്തിനേയും ശരീഅത്തിനേയും ഇങ്ങനെയാണ് പണ്ഡിതന്മാര്‍ സംഗ്രഹിച്ചു കാണിച്ചത്. ഇതില്‍ നിന്ന് ആവുന്നതെല്ലാം ജീവിതത്തില്‍ പകര്‍ത്തുകയാണ് ഓരോ സത്യവിശ്വാസിയും ചെയ്യേണ്ടത്. പക്ഷേ, ഇക്കാര്യങ്ങളെല്ലാം നമുക്ക് പഠിപ്പിച്ചു തരാന്‍ ശരിയായ ഉസ്താദുമാര്‍ ആവശ്യമാണ്. വളഞ്ഞ അധ്യാപകരെ ഇപ്പണിക്കു പറ്റിക്കോളണമെന്നില്ല. പ്രവാചകരുടെ (സ) കാലത്തെ വിശാലമായ ഫിഖ്ഹില്‍ നിന്ന് ചിലത് തള്ളിക്കളയുക, ചിലതു മാത്രം സ്വീകരിക്കുക, ചിലതിനെ ആക്ഷേപിക്കുക ഇതൊന്നും ശരീഅത്ത് അനുവദിച്ച കാര്യങ്ങളല്ല. ആരായിരുന്നലും പിഴച്ച വഴികളോ ആശയങ്ങളോ ഉണ്ടെങ്കില്‍ അവര്‍ക്ക് കാര്യം മനസ്സിലാക്കിക്കൊടുക്കുക. പരിധി വിട്ടാല്‍ ആവശ്യത്തിന് ആക്ഷേപിക്കുകയും ചെയ്യുക. ഇതാണ് പണ്ഡിതന്മാരുടെ കര്‍ത്തവ്യം. പ്രവാചകന്‍ (സ) പറയുന്നു. - ശരീഅത്ത് പഠിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അറിയാത്ത കാര്യങ്ങള്‍ അള്ളാഹു അവകാശമായി നല്‍കുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന അറിവുകളാണ് ലദുന്നിയായ ഇല്‍മ്. അള്ളാഹു നല്‍കുന്ന പ്രകാശം, ഉള്‍സാരങ്ങള്‍ എന്നെല്ലാം പണ്ഡിതന്മാര്‍ ഇതിനെ വിശദീകരിച്ചത് കാണാം. അള്ളാഹു പറയുന്നു. - അള്ളാഹുവിനെ സൂക്ഷിക്കുക. അവന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചു തരുന്നതാണ്. എല്ലാ കാര്യങ്ങളെ കുറിച്ചും അള്ളാഹു ഏറ്റവും അറിയുന്നവനാകുന്നു. (ബഖറ 282). ഇവിടെ സൂക്ഷിക്കുക (തഖ്‍വ) എന്നാല്‍ അള്ളാഹുവിന്‍റെ കല്‍പ്പനകള്‍ നിറവേറ്റുകയും നിരോധനങ്ങള്‍ വെടിയുകയുമാണ്. അപ്പോള്‍ ബാഹ്യവും ആന്തരികവുമായ പ്രവര്‍ത്തനങ്ങള്‍ തഖ്‍വയുടെ പരിധിയില്‍ പെട്ടു. അതുരണ്ടും മുറപ്രകാരം മുന്നോട്ടു നീങ്ങണം. എന്നാലാണ് അള്ളാഹുവിന്‍റെ അസ്റാറുകള്‍ നമുക്ക് തുറന്നു കിട്ടുക. ഇതിനു വിരുദ്ധമായി കല്‍പ്പനകളില്‍ ചിലത് എടുക്കുക, ചിലത് തള്ളുക, വിരോധിച്ച ചിലത് ചെയ്യുക, ചിലത് ഒഴിവാക്കുക, മറ്റു ചിലത് ആവശ്യം വരുന്പോള്‍ ചെയ്യാന്‍ ഒരുക്കിവെക്കുക ഇങ്ങനെ ചെയ്യുന്ന ധാരാളം ആളുകള്‍ ദുനിയാവ് സന്പാദിക്കുന്നവരും അല്ലാത്തവരുമായ നിരവധി ആളുകള്‍ പലപ്പോഴായി ലോകത്തുണ്ടായിട്ടുണ്ട്. ഇവരില്‍ ചിലര്‍ ഫുഖഹാക്കള്‍ എന്ന വകപ്പുകാരെ നിശിധമായി വിമര്‍ശിച്ചുകൊണ്ടിരിക്കും. ചിലവിഭാഗം സൂഫികളേയും അവരുടെ പ്രവര്‍ത്തനങ്ങളേയും ചീത്തപറഞ്ഞുകൊണ്ടിരിക്കും. ചിലര്‍ അഖീദയില്‍ പ്രാവീണ്യം നേടിയ പണ്ഡിതന്മാര്‍ക്ക് നേരെ ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കും. ഇത്തരം കാര്യങ്ങളെല്ലാം പില്‍ക്കാലത്ത് ഉടലെടുത്ത ബിദ്അത്തുകളാണ്. പ്രവാചകന്മാരുടെയോ സ്വഹാബത്തിന്‍റെയോ കാലത്ത് മുന്‍പറഞ്ഞ വകുപ്പുകളില്‍ ചിലത് ചിലതിനെ ആക്ഷേപിക്കാറുണ്ടായിരുന്നില്ല. ഫിഖ്ഹ്, തസവ്വുഫ്, അഖീദ മൂന്നും ഒരേ നിലക്കു പ്രവര്‍ത്തിക്കുകയായിരുന്നു അവര്‍. ആലമുല്‍ അര്‍വാഹില്‍ വെച്ച് അള്ളാഹുവുമായി വാദപ്രതിവാദം നടത്തി തെറ്റിപ്പിരിഞ്ഞ ഇബ്‍ലീസിന്‍റെ പിന്നണിയാണ്ശരീഅത്തിന്‍റെ വഴികളില്‍ സമുദായത്തിനിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. നന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങളെല്ലാം ഇത്തരക്കാര്‍ക്ക് ഇബ്‍ലീസ് ചെയ്തുകൊണ്ടിരിക്കും. അങ്ങനെ പിഴച്ച മശാഇഖഉമാര്‍ ഒലിയാക്കളുടെയും ശൈഖുമാരുടെയും ഖുതുബുകളുടെയും രൂപത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കും. യഥാര്‍ത്ഥ പണ്ഡിതന്മാരാണ് അതാതു കാലത്തെ ഇത്തരക്കാരുടെ പൊള്ളത്തരങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നത്. എക്കാലത്തും അതുണ്ടായിട്ടുണ്ട്. ഇക്കാലത്ത് നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. അളളാഹു നമ്മെ രക്ഷിക്കട്ടെ.

ആരാണ് മുജ്തഹിദുകള്‍

കാളന്പാടി മുഹമ്മദ് മുസ്‍ലിയാര്‍ എഴുതുന്നു.

അഹ്‍ലുസ്സുന്നത്തി വല്‍ ജമാഅ എന്നാല്‍ വിശ്വാസ കാര്യങ്ങളില്‍ അശ്അരി - മാതുരീദി മദ്ഹബുകളും കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഹനഫീ, മാലികീ, ശാഫിഈ, ഹന്പലീ മദ്ഹബുകളും പിന്‍പറ്റുന്നവരാണ്.
വിശ്വാസകാര്യങ്ങള്‍ (അടിസ്ഥാനപരം) എല്ലാവര്‍ക്കും ഒരുപോലെ അറിയല്‍ നിര്‍ബന്ധമാണ്. പണ്ഡിതന്മാര്‍ക്ക് സാധാരണക്കാരെക്കാള്‍ ഇക്കാര്യത്തില്‍ നൈപുണ്യമാകുമെന്നു മാത്രം. കര്‍മശാസ്ത്ര വിഷയങ്ങള്‍ (ശാഖാപരം) ഗവേഷണത്തിനു പഴുതുള്ളവയാണ്. അതിനാല്‍ തന്നെ ശാസ്ത്രീയ രീതിയില്‍ മനനം സാധിക്കുന്നവര്‍ക്കേ ഈ രംഗത്ത് ശരിയായ അറിവുണ്ടാവൂ. ഈ തരത്തില്‍ ഗവേഷണ യോഗ്യത നേടിയവരാണ് മുജ്തഹിദുകള്‍. അവരുടെ ഗഹനമായ അന്പേഷണവും നീരീക്ഷണവുമാണ് ഇജ്തിഹാദ്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഈ തരത്തില്‍ അന്വേഷണത്തിനും നിരീക്ഷണത്തിനും യോഗ്യത നേടിയവരാണ് തങ്ങളെന്ന് അവകാശപ്പെടുന്ന കുറേയാളുകള്‍ ഇപ്പോഴുമുണ്ട്. അവര്‍ക്ക് പറ്റിയ ചില അനുയായികളും. നമ്മുടെ മലയാള നാട്ടിലെ സ്ഥിതി അതിലും രസാവഹമാണ്. രണ്ടു വര്‍ഷം പ്രിലിമിനറിയും മൂന്നു വര്‍ഷം അഫ്ളലുല്‍ ഉലമായും കഴിഞ്ഞാല്‍ പിന്നെ മുത്‍ലഖ് മുജ്തഹിദായി എന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ഇത്തരം മുജ്തഹിദുകള്‍ ഉള്ളത് നമ്മുടെ നാട്ടിലാണെന്നതും ഇവര്‍ അഭിമാനത്തോടെ പറയുന്നു. സത്യത്തില്‍ ഖുര്‍ആന്‍ മുഴുവന്‍ ഒരു തവണ ജലാലൈനി സഹിതം ഓതാന്‍ ഭാഗ്യം കിട്ടാത്തവരാണ് ഈ സാധുക്കള്‍ . ഹദീസ് പഠനത്തിന്‍റെ കാര്യം പറയാനുമില്ല. ബുഖാരിയിലും മുസ്‍ലിമിലും തെരഞ്ഞെടുത്ത എട്ടോ പത്തോ ബാബുകളാണ് ഇവരാകെ ഓതുന്നത്. അതു പരിഭാഷയാണ് ഇവര്‍ക്ക് പഥ്യം. അപ്പോള്‍ ഇജ്തിഹാദിന്‍റെ പൊരുള്‍ വായനക്കാര്‍ക്ക് ഊഹിക്കാമല്ലോ. ഈ കള്ളവാദങ്ങളുടെ ഉള്ളറകള്‍ ചെറുതായി നമുക്ക് പരിശോധിക്കാം. - പരിശുദ്ധ ഖുര്‍ആന്‍ അള്ളാഹുവിന്‍റെ കലാമാണ്. 23 വര്‍ഷങ്ങളിലായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിന്‍റെ വിശദീകരണവും വ്യാഖ്യാനവുമാണ് തിരുചര്യ (ഹദീസ്) എന്നറിയപ്പെടുന്നത്. മനുഷ്യവര്‍ഗത്തിനു വേണ്ടി സര്‍വ്വ കാര്യങ്ങളും വിശുദ്ധ ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ , ഇതു മനസ്സിലാക്കാനും വിശദീകരിക്കാനും മനുഷ്യനു സാധ്യമാണോ ?. അല്ലാത്തതുകൊണ്ടാണല്ലോ വിവിധ സന്ദര്‍ഭങ്ങളില്‍ വിവിധ വിഷയങ്ങള്‍ അവതരിച്ചതും പ്രവാചകന്‍ (സ) അവക്ക് വിശദീകരണം നല്‍കിയതും. പ്രവാചകരുടെ ഈ വിശദീകരണം കേട്ടു മനസ്സിലാക്കിയവരാണ് അവിടുത്തെ അനുചരന്മാര്‍. സാന്ദര്‍ഭികവും അവസരോചിതവുമായ വിഷയങ്ങളുടെ വിശദീകരണമാണ് പ്രവാചകരില്‍ നിന്ന് സ്വഹാബത്തിന് ലഭിച്ചത്. ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യരുടെയും മാര്‍ഗ്ഗദര്‍ശകങ്ങളാണ് ഖുര്‍ആനും ഹദീസുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അതതു കാലങ്ങളില്‍ സംഭവിക്കുന്ന പുത്തന്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം അവ അനുഭവിക്കാത്തവരും ഉള്‍ക്കൊള്ളാനാവാത്തവരുമായ സ്വഹാബത്തിനു മുന്നില്‍ അവതരിപ്പിക്കുകയെന്നത് അനാവശ്യവും അശാസ്ത്രീയവുമാണ്. എന്നാല്‍ ഇസ്‍ലാമിക നിയമസംഹിത പ്രവാചക കാലത്തു തന്നെ സന്പൂര്‍ണ്ണമാണെന്നത് അസന്നിഗ്ധമായി ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തതാണ്. ഇവിടെയാണ് പുതിയ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന പ്രമാണങ്ങളെ ആസ്പദിച്ച് ഗവേഷണവും മനനവും നടക്കേണ്ടതിന്‍റെ പ്രസക്തി. ഇങ്ങനെയുള്ള ഇജ്തിഹാദ് നിശ്ചയിക്കുക വഴിയാണ് ദീനിന്‍റെ സന്പൂര്‍ത്തീകരണം അള്ളാഹു നിര്‍വ്വഹിച്ചത്. ഖണ്ഡിതമായ പ്രമാണങ്ങളില്‍ വ്യക്തമാക്കപ്പെടാത്ത വിഷയങ്ങളാണ് ഇജ്തിഹാദിന്‍റെ പരിധിയില്‍ വരിക. തന്‍റെ മുന്പ് ഏതെല്ലാം വിഷയങ്ങളില്‍ മുജ്തഹിദുകള്‍ എന്തെല്ലാം തരത്തിലുള്ള അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അവര്‍ക്കിടയില്‍ ഇജ്മാഅ് (ഏകോപനം) സ്ഥിരപ്പെട്ടവ ഏതെല്ലാമാണെന്നും ഗവേഷകര്‍ അറിയല്‍ നിര്‍ബന്ധമാണ്. ഇതിനു പുറമെ താരതമ്യ ശാസ്ത്രം (ഖിയാസ്), അതിന്‍റെ വിവിധ ഇനങ്ങള്‍ ഇവയും മുത്‍ലഖ് മുജ്തഹിദിന് അറിഞ്ഞിരിക്കണം. എത്ര ശ്രമിച്ചിട്ടും ഈ യോഗ്യത നേടാന്‍ കഴിയുന്നവര്‍ ഇല്ലാതെ പോയതിനാലാണ് ഇജ്തിഹാദിന്‍റെ കവാടം അടഞ്ഞുപോയത്. നാലു ഇമാമുകള്‍ക്കു ശേഷം വന്ന മഹാപണ്ഡിതന്മാരൊന്നും സ്വതന്ത്ര മുജ്തഹിദുകളെന്നു വാദിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല. ഇജ്തിഹാദിന്‍റെ പൊരുളും കനവും മനസ്സിലാക്കിയവരായിരുന്നു അവരെല്ലാം. സാക്ഷാല്‍ ഇബ്നുതീമിയ്യ, മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ പോലും തങ്ങള്‍ മുഖല്ലിദുകളാണെന്നതില്‍ അഭിമാനിക്കുന്നവരായിരുന്നു. ഈ നിബന്ധനകള്‍ ഒന്നും അറിയാത്ത പരമസാധുക്കള്‍ മുത്‍ലഖ് മുജ്തഹിദുകളാണെന്നു വാദിച്ചു സമയം കളയുന്നുവെങ്കില്‍ അവരെ നമുക്ക് വെറുതെ വിടാം. നാണമില്ലാത്തവന് ആസനത്തില്‍ ആലു മുളച്ചാല്‍ അതും ഒരു തണലാണല്ലോ. നമ്മുടെ കാലത്ത് ഒരു ഡോക്ടറാവാന്‍ എന്തൊക്കെ യോഗ്യത വേണമെന്നൊന്ന് ആലോചിച്ചുനോക്കൂ. ആദ്യം എന്‍ട്രന്‍സ് പാസാവണം. തുടര്‍ന്നു അഞ്ചു വര്‍ഷം നിശ്ചിത വിഷയങ്ങള്‍ മനസ്സിരുത്തി പഠിച്ചു പരീക്ഷയില്‍ പാസ്സാവണം. തുടര്‍ന്ന് പ്രായോഗിക പരിശീലനവും നേടണം. ഇവര്‍ക്കാണ് രോഗികളെ ചികിത്സിക്കാന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇതൊന്നുമില്ലാതെ ഏതാനും മുറിയന്‍ ഇംഗ്ലീഷ് പഠിച്ചവന്‍ മാര്‍ക്കറ്റില്‍ നിന്ന് ഏതാനും വൈദ്യ ശാസ്ത്ര പുസ്തകങ്ങള്‍ വാങ്ങി വായിച്ച് കഴുത്തില്‍ ഒരു കുഴലും ചുറ്റി ചികിത്സിക്കാനിറങ്ങിയാല്‍ എന്തായിരിക്കും സ്ഥിതി. ഇത്തരം മുറിവൈദ്യന്മാരാണ് ഇജ്തിഹാദു ചമഞ്ഞ് ദീനിന്‍റെ വിലക്കുകളെ അപഹസിക്കുന്നത്. അള്ളാഹു കാത്തു രക്ഷിക്കട്ടെ. അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനും ഹദീസും അറബി ഭാഷയിലായതിനാല്‍ ഗവേഷണം ചെയ്യുന്നവര്‍ക്ക് ഈ ഭാഷയില്‍ വ്യുല്‍പത്തി അനിവാര്യമാണ്. നഹ്‍വ്, സ്വര്‍ഫ്, ബലാഗ തുടങ്ങിയ വിഷയങ്ങള്‍ നന്നായി മനസ്സിലാക്കി പ്രയോഗിക്കാനറിയുന്നവര്‍ക്കേ ഈ യോഗ്യത നേടാനാവൂ. വിധിവിലക്കുകളുമായി ബന്ധപ്പെട്ട സര്‍വ്വ ആയത്തുകളും ഹദീസുകളും ഗവേഷകന് അനിവാര്യമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനു പുറമെ അടിസ്ഥാന പ്രമാണങ്ങളിലെ പദപ്രയോഗങ്ങളെ കുറിച്ചും ഗവേഷകന് നല്ല ധാരണ വേണം. സോപാധികം പറഞ്ഞത് ഏവ ? , നിരുപാധികം പറഞ്ഞത് ഏവ, വ്യക്തമായതും അവ്യക്തമായതും ഏവ, പൊതുവായതും പരിമിതമായതുമേവ എന്നിവയൊക്കെ വ്യക്തമായും അറിയണം. ഹദീസുകളുടെ സനദുകളും അവയോടു ബന്ധപ്പെട്ട ബലാബല വിശേഷണങ്ങളും സംബന്ധിച്ച് വ്യക്തമായ അറിവു വേണം. കൂടാതെ ആയത്തുകള്‍ , ഹദീസുകള്‍ എന്നിവ ഏതെല്ലാം പശ്ചാത്തലങ്ങളിലാണ് അവതരിച്ചതെന്നു അറിയല്‍ അത്യാവശ്യമാണ്.
previous home