സമസ്ത അറുപതാം വാര്‍ഷിക സമ്മേളനത്തിന്‍റെ (1985) ഉദ്ഘാടനം നിര്‍വ്വഹിച്ചു ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‍ലിയാര്‍ നടത്തിയ പ്രസംഗം - ഭാഗം രണ്ട്
അഹ്‍ലുസ്സുന്നത്ത് ഇസ്‍ലാമിന്‍റെ യഥാര്‍ത്ഥ രൂപംമാന്യ മുസ്‍ലിം സുഹൃത്തുക്കള്‍ ഒന്ന് ചിന്തിക്കണം. ഈ സമുദായത്തില്‍ 73 വിഭാഗങ്ങളുണ്ടാകുമെന്ന് അശ്റഫുല്‍ ഖല്‍ഖ് താക്കീത് നല്‍കിയതാണ്. ഇതില്‍ കുല്ലും ഫിന്നാര്‍ ഇല്ലാ വാഹിദ. അതെല്ലാം നരകത്തിലാണ്. ഒന്നൊഴിച്ച്. 73 മില്ലത്തായും ഈ സമുദായം പിരിയുമെന്ന് നബി(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആ സമയത്ത് (കാലൂമന്‍ഹും യാറസൂലള്ളാ) ആരാണ് നബിയെ ആ ഒന്ന്. ആ സ്വര്‍ഗ്ഗത്തിന്‍റെ കക്ഷി ആരാണെന്ന് മഹാന്മാരായ സ്വഹാബത്ത് നബിയോട് ചോദിക്കയാണ്. അശ്റഫുല്‍ ഖല്‍ക്ക് (സ) അതിന് പറയുന്നു. (മാ അന അലൈഹി വ അസ്ഹാബി) ഞാനും എന്‍റെ സഹാബത്തും ഏതു ക്രമത്തിലാണോ അതേ ക്രമത്തില്‍ ഖിയാമത്ത് വരെയുള്ള മഹത്തുക്കളാണ് ബഹു. (സ) അരുള്‍ ചെയ്യുകയാണ്. അത് നബിയുടെ വാക്ക് മാത്രമല്ല പരിശുദ്ധ ഖുര്‍ആനില്‍ ഹഖ് തആല ആ കാര്യം ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.
ബഹുമാനപ്പെട്ട ഇസ്‍ലാമിന്‍റെ ആദ്യകാല അനുയായികളായ മുഹാജിറുകളും അന്‍സാറുകളും അവരെ ഇത്തിബാഅ് ചെയ്യുന്നവരും അവരെ പിന്‍പറ്റുന്നവരും അള്ളാഹു അവരെ തൃപ്തി അടഞ്ഞിരിക്കുന്നു എന്ന് പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു. നീ പറയുന്നു അവര്‍ കള്ളന്മാരാണ് അതല്ലേ നീ പറയുന്നത്. അവര്‍ പരിശുദ്ധാത്മാക്കളാണ്. അവര്‍ എന്തു പ്രവര്‍ത്തിച്ചൊ അതാണ് യഥാര്‍ത്ഥത്തില്‍ ഇത്തിബാഅ് ചെയ്യേണ്ടതെന്ന് പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപനം ചെയ്യുന്പോള്‍ അത് ഞങ്ങള്‍ വിശ്വസിക്കുന്നു. അത് വിശ്വസിക്കാത്തവനെ ഞങ്ങള്‍ തള്ളിപ്പറയുകയും ചെയ്യും. യാതൊരു സംശയവും വേണ്ട. (തക്ബീര്‍ ). ഇതാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്കുള്ളതെന്ന് പറഞ്ഞത്.
സമസ്ത ഒരു പുതിയ പാര്‍ട്ടിയല്ല. അത് ഇസ്‍ലാമിന്‍റെ യഥാര്‍ത്ഥ രൂപമാണ്. പരിശുദ്ധ ഇസ്‍ലാമിന്‍റെ യഥാര്‍ത്ഥ രൂപം സുന്നത്തു ജമാഅത്തിന്‍റെ യഥാര്‍ത്ഥ രൂപമാണ്. അത് നിലനില്‍ക്കാന്‍ വേണ്ടിയാണ് സമസ്ത നിലകൊള്ളുന്നത്. അതല്ലാത്ത മുഴുവന്‍ പാര്‍ട്ടികളും നശിച്ചു നാമാവശേഷമാവുകയാണ്. ആവുക തന്നെ ചെയ്യും. (തക്ബീര്‍ ). ബാക്കി കുല്ലും ഫിന്നാര്‍ എന്ന് നബി(സ) പറയുകയുണ്ടായി. എന്താണ് ആ വാക്കിന്‍റെ താല്‍പര്യം. അത് നരകത്തിലാണെന്ന് പറഞ്ഞാല്‍ എന്താണതിന്‍റെ താല്‍പര്യം. അവസാനം ഈമാന്‍ കിട്ടാതെ മരണപ്പെട്ടുപോകും എന്നാണ്. അഖീദയില്‍ ഉള്ള പിഴവ് ആ പിഴവില്‍ നിന്നുടലെടുക്കുന്നതാണോ പാര്‍ട്ടികള്‍ മുഴുവനും എന്ന് നബി(സ) താക്കീത് ചെയ്തിരിക്കയാണ്. വളരെയധികം നമ്മള്‍ സൂക്ഷിക്കണം ആ കാര്യമെന്ന് ഈ സമ്മേളനത്തില്‍ നിങ്ങളെ ഉദ്ബോധിപ്പിക്കുകയാണ്. അള്ളാഹു (സ) ഏറ്റവും മഹത്തായ ഈ സമ്മേളനം ഹഖ് തആലയുടെ ദീനിനെ ശക്തിപ്പെടുത്തുന്ന മഹാസമ്മേളനമാക്കി റബ്ബുല്‍ ഇസ്സത്ത് ഖബൂല്‍ ചെയ്യട്ടെ - ആമീന്‍ .
നോക്കൂ നിങ്ങള്‍ പരിശുദ്ധ ദീനിനെ അള്ളാഹു സംരക്ഷിക്കുമെന്നതിന്‍റെ വഴിയെന്താണെന്ന് നാം ചിന്തിക്കണം. പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുകയും അതിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ശരിക്ക് വിവരിക്കുകയും ചെയ്യുന്നു. പിന്നീടൊരിക്കലും വന്ന് അത് ദുര്‍വ്യാഖ്യാനം ചെയ്തു അലങ്കോലപ്പെടുത്താന്‍ സാധ്യമല്ലാത്ത വിധം വാതിലടച്ചു പോയി. മാന്യ സുഹൃത്തുക്കള്‍ ഒന്നു ചിന്തിക്കണം. വാതിലടച്ചുപോയതെങ്ങനെയാണ്. ഒരു ദുര്‍വ്യാഖ്യാനത്തിനു ഇസ്‍ലാമിനു നേരെ കണ്ണു തുറിച്ചു നോക്കാന്‍ സാധ്യമല്ലാത്ത വിധം വാതിലടച്ചു.ഇത് മാത്രമല്ല അള്ളാഹു ചെയ്തിട്ടുള്ളത്. ഇസ്‍ലാമിക ശരീഅത്തിന്‍റെ നിലനില്‍പ്പ്. ആ നിലനില്‍പ്പിന് വേണ്ടി ഈ ലോകത്തിനു മുന്പാകെ ഏറ്റവും മഹാത്മാക്കളായ പരിശുദ്ധാത്മാക്കളുടെ മാതൃക അള്ളാഹു (സു) സമര്‍പ്പിച്ചു. എങ്ങനെ സമര്‍പ്പിച്ചു എന്നാല്‍ മഹാനായ മുഹമ്മദ് (സ) തങ്ങള്‍ പരിശുദ്ധ ഖൂര്‍ആന്‍ കൊണ്ടുവന്ന് ഇഷ്ടം പോലെ അര്‍ത്ഥം പറയുകയും അതിനെ ഹദീസാക്കി അംഗീകരിക്കുക എന്ന് പറഞ്ഞിട്ടില്ല. അതിന്‍റെ ഓരോ പദങ്ങളും തന്നെ അള്ളാഹു ശരിക്കും വ്യാഖ്യാനിച്ചു. അങ്ങനെ വ്യാഖ്യാനിക്കുക മാത്രമല്ല ചെയ്തത്. വ്യാഖ്യാനിച്ചതിന് ശേഷം അതിന്‍റെ ശരിയായ അമലിയ്യായ രൂപം അതിന്‍റെ ശരിയായ നടപടിക്രമം എങ്ങനെ എന്ന് കാണിച്ചു കൊടുക്കുകയും മഹാന്മാരായ സഹാബത്തിനെ കൊണ്ട് പ്രവര്‍ത്തിപ്പിക്കുകയും മുഹമ്മദ് മുസ്തഫാ (സ) അതിന് മേല്‍നോട്ടം ചെയ്യുകയും ചെയ്തു.
ഇത് ലോകത്ത് മറ്റൊരു മതത്തില്‍ നോക്കിയാലും നമുക്ക് കാണാന്‍ കഴിയില്ല. ലോകത്ത് ഒരു പ്രവാചകനും ഇക്കാര്യം ചെയ്തിട്ടുമില്ല. അടിതൊട്ട് മുടിവരെ അശ്റഫുല്‍ ഖല്‍ഖിന്‍റെ മഹാന്മാരായ സഹാബത്തിനെ മേല്‍നോട്ടം ചെയ്തുകൊണ്ട് സംസ്കരിച്ചെടുത്തു. അവരെ ശുദ്ധീകരിച്ചു അവരെ പരിശുദ്ധാത്മാക്കളാക്കിത്തീര്‍ത്തു. ഞങ്ങള്‍ വിശ്വസിക്കുകയാണ്. യാതൊരു സംശയവും കൂടാതെ വിശ്വസിക്കുന്നു. അല്ലാഹു (സു) യുടെ ബഹുമാനപ്പെട്ട അന്പിയാ മുര്‍സലുകള്‍ മുഹമ്മദ് (സ) പ്രത്യേകിച്ചും വളരെ പരിശുദ്ധാത്മാക്കളില്‍ പെട്ടവരാണ്. പരിശുദ്ധാത്മാക്കളുടെ നേതാവാണ് മുഹമ്മദ് (സ) ആ നിലക്കുള്ള പരിശുദ്ധിയാണ്. ആ പരിശുദ്ധി എന്തുചെയ്തു എന്നാല്‍ അവിടത്തെ പിന്തുടര്‍ന്ന സഹാബത്തിലേക്ക് പകര്‍ന്നു. അവരെയും പരിശുദ്ധാത്മാക്കളാക്കി മുഹമ്മദ് (സ) അവരെ തസ്കിയത്ത് ചെയ്തു. ഈ നിലക്ക് അവരെ പരിശുദ്ധാത്മാക്കളാക്കിയെന്ന് റബ്ബുല്‍ ഇസ്സത്ത് പരിശുദ്ധ ഖുര്‍ആനില്‍ പറയുകയും അള്ളാഹു അവരെ തൊട്ട് തൃപ്തിപ്പെട്ടു എന്ന് പറയുകയും ചെയ്യുന്പോള്‍ അവര്‍ പരിശുദ്ധാത്മാക്കളാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.സമസ്തയുടെ അടിത്തറ അതാണ്. പരിശുദ്ധാത്മാക്കളാണ് അവരെന്ന് വിശ്വസിക്കുക മാത്രമല്ല ചെയ്യുന്നത്, മുഹാജിറുകളും അന്‍സാറുകളുമായ ആ മഹത്തുക്കളോട് ഇത്തിബാഅ് ചെയ്തുകൊണ്ട് ഖിയാമം വരെ അതേ രൂപത്തിലുള്ള പരിശുദ്ധാത്മാക്കള്‍ ഇസ്‍ലാമിന്‍റെ ഉത്തമ മാതൃകകളായും കൊണ്ട് ഈ ലോകത്ത് ഉണ്ടാകണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതാണ് അഹ്‍ലുസ്സുന്നത്ത് വല്‍ ജമാഅ (തക്ബീര്‍ ).
മാന്യ സുഹൃത്തുക്കള്‍ ചിന്തിക്കണം. ബഹുമാനപ്പെട്ട മുഹമ്മദ് (സ) പരിശുദ്ധനാണ്. അന്പിയാക്കള്‍ എല്ലാവരും തന്നെ പരിശുദ്ധാത്മാക്കണാണ്. പരിശുദ്ധാത്മാക്കളെ കൊണ്ടെല്ലാതെ ദീന്‍ ഈ ലോകത്ത് നിലനിര്‍ത്താന്‍ സാധ്യമേ അല്ല. ഈ വിശ്വാസം ഹഖ് അല്ലേ എന്ന് ചിന്തിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടു കൊള്ളുകയാണ്. അത് മാത്രമേ ഹഖുള്ളു. അതേ സമയത്ത് മുഹമ്മദ് (സ) ഒരു സാധാരണ മനുഷ്യനാണെന്നും ഒരു തപാല്‍ ശിപായി ആണെന്നും പറയുന്നവരുടെ ഇസ്‍ലാം എവിടെയാണവരുടെ ഇസ്‍ലാം. നജ്ദിലെ മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ് എന്നവനെ കൊണ്ട് പറയാന്‍ പാടില്ല. വെറും മുഹമ്മദാണവന്‍. അവനും അവന്‍റെ അനുയായികളും വിശ്വസിക്കുന്നതെന്താണ്. മുഹമ്മദ് (സ) വെറും ഒരു സാധാരണ മനുഷ്യനാണെന്നാണവരുടെ വിശ്വാസം. ഈ വിശ്വാസം എന്തിനു യോജിക്കുന്ന വിശ്വാസമാണ്. മഹന്മാരായ അന്പിയാ മുര്‍സലുകളിലെ വിശ്വാസമാണ് യഥാര്‍ത്ഥത്തില്‍ ഇസ്‍ലാമിന്‍റെ അടിത്തറ. അന്പിയാ മുര്‍സലുകളുടെ നുബുവ്വത്തിന്‍റെ മഹത്വത്തില്‍ വിശ്വാസമില്ലെങ്കില്‍ മുസ്‍ലിമാകാന്‍ സാധ്യമേ അല്ല. ഇസ്‍ലാമും മറ്റു മതങ്ങളും തമ്മിലുള്ള വ്യത്യാസവും അവിടെയാണ് നിലകൊള്ളുന്നത്. ഹഖ് തആലയുടെ ഇംഗിതത്തിനൊത്ത് അള്ളാഹുവിന്‍റെ കല്‍പ്പനകള്‍ക്ക് വിധേയമായി ജീവിക്കുന്ന പരിശുദ്ധാത്മാക്കളാണ് അന്പിയാമുര്‍സലുകള്‍ എന്നുള്ള വിശ്വാസം. ഈ വിശ്വാസമാണ് ഇസ്‍ലാമിന്‍റെ അടിത്തറ. ആ അടിത്തറക്ക് കത്തിവെക്കുന്ന പാര്‍ട്ടിയെ ഈ മഹാസമ്മേളനത്തില്‍ വെച്ച് അള്ളാഹു (സു) യുടെ പരിശുദ്ധ ദീനിനെ ഉയര്‍ത്തിക്കൊണ്ട് ഞങ്ങളിവിടെ കുഴിച്ചുമൂടുക മാത്രമല്ല ചെയ്യുന്നത്. (തക്ബീര്‍ ). അത്‍ലാന്‍റിക് മഹാസമുദ്രത്തിലേക്ക് തള്ളുകയാണ്. ആ വിശ്വാസം ഇനി ഇവിടെ നിലനില്‍ക്കുന്നതല്ലെന്ന് അതിന്‍റെ അനുയായികള്‍ മനസ്സിലാക്കിക്കൊള്ളണം.
മഹാനായ മുഹമ്മദ് (സ) ആരാണ്. അള്ളാഹു (സു) ലൈലത്തുല്‍ മിഅ്റാജില്‍ അശ്റഫുല്‍ ഖല്‍ഖിനെ ജിബ്‍രീല്‍ (അ) ന്‍റെ കൂടെ ആകാശത്ത് സഞ്ചരിപ്പിക്കയാണ്. അങ്ങനെ സഞ്ചരിക്കുന്പോള്‍ അമീനായ മലക്ക് ജിബ്‍രീല്‍ (അ) പറയുന്നു. നബിയേ ഇവിടന്നങ്ങോട്ട് എനിക്ക് പ്രവേശനമില്ല. തങ്ങള്‍ ഒറ്റക്ക് തന്നെ പോകണം. ആ നിലക്ക് ചെന്ന് നോക്കുന്പോള്‍ സിദ്റത്തുല്‍ മുന്‍തഹായിലേക്ക് നോക്കി. നബി(സ) പറയുന്നു. അവിടെ ചെന്നു നോക്കിയപ്പോള്‍ അവിടെയാകെ ചിലതുകൊണ്ട് വിധാനിച്ചിരിക്കുന്നു. നബി (സ) അവിടെ ചെല്ലുന്നതിന് അള്ളാഹു അലങ്കരിച്ചിരിക്കയാണ്. ഈ നിലക്ക് ഉന്നതനാണ് മുഹമ്മദ് നബി (സ). ഇവിടെ വ്യത്യാസം എന്താണെന്ന് ഓരോ കക്ഷികളും ചിന്തിച്ചുകൊള്ളണം. വെറുതെയല്ല മറുകക്ഷികണെല്ലാം നരകത്തിലാണെന്ന് പറഞ്ഞത്. ഈമാന്‍റെ തെറ്റാണ്. ആ നിലക്ക് അള്ളാഹു ബഹുമാനിച്ച മുഹമ്മദ് മുസ്തഫ (സ) തങ്ങളെയും തരംതാഴ്തുന്ന ആളുകള്‍ എന്താണ് പറയുന്നത്. എഴുപത് പ്രാവശ്യം ദിവസേന അശ്റഫുല്‍ ഖല്‍ഖ് കുറ്റം ചെയ്യുമെന്ന് പരസ്യമായി പറയാന്‍ ധൈര്യപ്പെട്ടിട്ടുള്ളത് ധൈര്യമല്ല ഉളുപ്പില്ലായ്മയാണ്. അവര്‍ ഇസ്‍ലാമിനെ എന്തും ചെയ്യും. അതുകൊണ്ടാണ് ഞാന്‍ എഴുപത് തവണ ഇസ്തിഖഫാര്‍ ചെയ്യുമെന്ന് നബി(സ) പറഞ്ഞതെന്ന് നിര്‍ലജ്ജം വാദിക്കുന്ന ആ കക്ഷികളെ ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. റോമന്‍ ചക്രവര്‍ത്തിക്ക് ഇസ്‍ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നബി(സ)യുടെ കത്തു ലഭിച്ചു. ഇവിടെ ഖുറൈശികള്‍ ആരെങ്കിലും കച്ചവടത്തിനു വന്നിട്ടുണ്ടോ എന്നന്വേഷിക്കുകയും ഉണ്ടെങ്കില്‍ ഈ കത്ത് സംബന്ധിച്ചും അദ്ദേഹത്തെ സംബന്ധിച്ചും അന്വേഷിക്കാന്‍ അവരെ വിളിച്ചുകൊണ്ട് വരണമെന്ന് ചക്രവര്‍ത്തി ആവശ്യപ്പെട്ടു. ആ സമയത്ത് ഇസ്‍ലാമിന്‍റെ കഠിന ശത്രുവും ഉഹ്ദിലും ഖന്‍ദഖിലും മുസ്‍ലിംകള്‍ക്കെതിരെ പടനയിച്ച അബൂ സുഫ്യാനെയായിരുന്നു അവര്‍ക്ക് ലഭിച്ചത്. പലതും ചോദിച്ച കൂട്ടത്തില്‍ റോമന്‍ ചക്രവര്‍ത്തി ചോദിക്കുകയാണ്. അദ്ദേഹം നബിയാണെന്ന് വാദിക്കുന്നതിന് മുന്പ് കളവു പറഞ്ഞു എന്ന് സംശയിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ടോ. ?, നോക്ക് - നബി (സ) കളവ് പറഞ്ഞോ എന്നല്ല ചോദ്യം. കളവ് പറഞ്ഞു എന്ന് സംശയിക്കത്തക്ക വല്ല സന്ദര്‍ഭവും ഉണ്ടായിട്ടുണ്ടോ. നാല്‍പതുവയസ്സിനിടക്ക്. അതിന് ആ സമയത്തെ കഠിന ശത്രു മറുപടി പറയുന്നു. - ലാ - ഇല്ല. കണ്ടോ, ഈ നിലക്കുള്ള പരിശുദ്ധിയാണ്.. മുഹമ്മദ് (സ) ഏറ്റവും വലിയ റഫീഖും ഇമാമും ഖാഇദും ആണ്. ആ നിലക്കുള്ള മുഹമ്മദ് (സ) യുടെ പരിശുദ്ധിയില്‍ എപ്പോള്‍ സംശയിച്ചുവോ, ഇസ്‍ലാമില്‍ പിന്നെ സ്ഥാനമില്ല അവന്. വളരെ ഗൗരവത്തോടു കൂടി മാന്യ മുസ്‍ലിം സുഹൃത്തുക്കള്‍ ചിന്തിച്ചുകൊള്ളേണ്ടതാണ്, മനസ്സിലായോ..
ഒരുദിവസം മദീന പള്ളിയില്‍ ഖുതുബ ഓതിക്കൊണ്ടിരിക്കുന്നു തങ്ങള്‍. ഒരു ഉപദേശക്കാരനായ അറബി വന്നു. മസ്ജിദ് മദീനയുടെ ഖുബ്ബന്‍റെ നേരയുള്ള വാതിലില്‍ നിന്നുകൊണ്ട് പറയുകയാണ്, നബിയേ മഴയില്ല. ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. പ്രസവിച്ചു കിടക്കുന്ന സ്ത്രീകളുടെ മുലയില്‍ പാലിന് പകരം രക്തമാണ് നബിയേ, ചെറിയ കുട്ടികള്‍ കൈമലര്‍ത്തി കിടക്കുന്നത് കാണാന്‍ സാധ്യമല്ല നബിയേ, അതുകൊണ്ട് ഞങ്ങള്‍ക്ക് മഴ വേണം. ഖുതുബ ഓതിക്കൊണ്ടിരിക്കെ നബി കൈ മേലോട്ടു മലര്‍ത്തി - പടച്ചവനേ ഞങ്ങള്‍ക്ക് മഴ വേണം - എന്ന് പറഞ്ഞു. മഹാന്മാരായ അഇമ്മത്തുല്‍ മുഹദ്ദിസീങ്ങള്‍ ശരിക്കു രിവായത്ത് ചെയ്യുകയാണ്. ആ സമയത്ത് ആകാശത്ത് മഴക്കാറ് പോലും ഇല്ല. പര്‍വ്വതങ്ങള്‍ക്ക് തുല്യമായ മേഖങ്ങള്‍ ഓടിവരികയും മഴ വര്‍ഷിക്കാന്‍ തുടങ്ങുകയും ചെയ്യുകയാണ്. നബി (സ) മിന്പറില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് അവിടത്തെ താടിയില്‍ നിന്ന് വെള്ളം ഊറിക്കൊണ്ടിരിക്കുന്നു. നോക്കൂ, കൈ മേലോട്ടുയര്‍ത്തിയിട്ടേയുള്ളൂ. അബ്ദുല്‍ റഹ്‍മാന്‍ ബ്നു ഉമര്‍ (റ) തങ്ങളെ തൊട്ട് ഇമാം ബുഖാരി റിപ്പോര്‍ട്ടു ചെയ്യുന്നു. - എനിക്ക് ആ സമയത്ത് അബൂത്വാലിബ് പറഞ്ഞ കാര്യം ഓര്‍മ്മ വന്നു, സ്വഹീഹുല്‍ ബുഖാരിയിലുണ്ട്. അതിന്‍റെ ചുരുക്കം നബി (സ)യുടെ ശൈശവദിശയില്‍ മഴക്ക് ബുദ്ധിമുട്ടാകുന്പോള്‍ അബ്ദുല്‍ മുത്തലിബ് എന്തുചെയ്യും, നബി (സ)യെ കയ്യിലെടുത്ത് ആകാശത്തേക്ക് കാണിക്കും, കാണിച്ചാല്‍ മഴ വര്‍ഷിക്കും.
ഇവിടെ ഞങ്ങള്‍ യാതൊരു പ്രചരണവും നടത്തിയിട്ടില്ല. ഈ മഹാസമുദ്രം കണ്ട് നമ്മുടെ അറബി സുഹൃത്ത് പറയുകയാണ്. ഇവിടെ യാഥാര്‍ത്ഥത്തില്‍ ബഹ്റൈന്‍ ആണ്. ഒന്ന് ബഹ്റുല്‍ മാഅ് മറ്റൊന്ന് ബഹറുല്‍ ബഷര്‍ (തക്ബീര്‍ ). ഈ നിലക്കുള്ള അവസ്ഥ എന്തുകൊണ്ടാണ് സംഭവിച്ചത്. ഇതിന്‍റെ പിന്നില്‍ വെറും പരിശുദ്ധ ദീനാണ്. ദീനെല്ലാതെ ഒന്നും ഇവിടെയില്ല. മഹാനായ നബി വളര്‍ത്തിയ സഹാബത്ത്. അവര്‍ പരിശുദ്ധാത്മാക്കളാണ്. ഈ നിലക്കുള്ള പരിശുദ്ധാത്മാക്കളെ നിലനിര്‍ത്തിയാല്‍ മാത്രമേ ഇവിടെ ഹിന്ദു-മുസ്‍ലിം മൈത്രി നിലനില്‍ക്കുകയുള്ളു. കക്ഷി വഴക്ക് അവസാനിക്കുകയുള്ളു. ഇവിടെ യഥാര്‍ത്ഥ സമുദായ മൈത്രി നിലനിന്നിരുന്ന പണ്ടു കാലത്ത്, സാമൂദിരി മഹാരാജാവിന്‍റെ കാലത്തുണ്ടായിരുന്ന മുസ്‍ലിം സമുദായം, ആ സമുദായം ഇവിടെ വാര്‍ത്തെടുക്കേണ്ടതുണ്ട്. ഇവിടെ വര്‍ഗ്ഗീയത ഉണ്ടാകുന്നത്, മുസ്‍ലിം സമുദായം ദുശിച്ചത് കൊണ്ടാണ്. മുസ്‍ലിം സമുദായം യഥാര്‍ത്ഥത്തില്‍ ഇസ്‍ലാമിന്‍റെ പേരില്‍ നിലനില്‍ക്കുന്നുവെങ്കില്‍ മുസ്‍ലിം സമുദായത്തെ നാം വിലയിരുത്തണം. മുസ്‍ലിം സമുദായത്തെ ഒരു ജാതിയായി ചിത്രീകരിക്കരുത്. ഒരു ആദര്‍ശത്തില്‍ വിശ്വസിക്കുന്ന ഒരു കക്ഷിയാണ് മുസ്‍ലിം സമുദായം എന്നു നാം മനസ്സിലാക്കണം. അഥവാ നമുക്ക് എല്ലാ വിശ്വാസക്കാരേയും ഉള്‍പ്പെടുത്തിക്കൊണ്ട് പാര്‍ട്ടി രൂപീകരിച്ചാല്‍ ആ പാര്‍ട്ടിക്ക് ഇസ്‍ലാമിന്‍റെ വിധത്തിലുള്ള യാതൊരു സേവനവും ചെയ്യാന്‍ സാധ്യമല്ല (തക്ബീര്‍ ) എന്ന് ഈ സന്ദര്‍ഭത്തില്‍ മുസ്‍ലിം സമുദായത്തിലെ ഓരോര്‍ത്തരും മനസ്സിലാക്കണം. സമുദായത്തിന്‍റെ നേതാക്കള്‍ ബുദ്ധിപൂര്‍വ്വം ഈ കാര്യം ഓര്‍ക്കണം.
നോക്ക്, പ്രകാശത്തോട് കൂടിയുള്ളൊരു വിളക്ക്, ആ വിളക്കുമായി ഇരുട്ടുള്ളൊരു പ്രദേശത്ത് നാം പ്രവേശിച്ചാല്‍ അവിടെ ഇരുള് പന്പകടക്കുന്നതാണ്. ഇതാണ് യഥാര്‍ത്ഥ മുസ്‍ലിമിന്‍റെ സ്വഭാവമെന്ന് അള്ളാഹു (സു) സൂറത്തുല്‍ അന്‍ആം മുഖേന നമ്മെ പഠിപ്പിക്കുകയാണ്. ആ നിലക്കുള്ള മഹാന്മാരാണ് സ്വഹാബത്ത്, ഞങ്ങളത് വിശ്വസിക്കുന്നു. ഇവിടെ തെറ്റ് ചെയ്തത് ആരാണ് ? . ഒരിക്കലും തന്നെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിലകൊള്ളുന്ന സിദ്ധാന്തം - ആ സിദ്ധാന്തം ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധ്യമല്ല. (തക്ബീര്‍ ). അത്രയും ഇസ്‍ലാമില്‍ വേരൂന്നിപ്പിടിച്ചിരിക്കുന്ന സാധനമാണ്. തന്നെയുമല്ല, ഇസ്‍ലാമിക വൃക്ഷം ആ വൃക്ഷത്തിന്‍റെ അടിവേരുകളാണ് ബഹുമാനപ്പെട്ട അന്പിയാക്കളും സഹാബാക്കളും. അവരെ ബഹുമാനിക്കലും ആദരിക്കലും ഇസ്‍ലാമിക വൃക്ഷത്തിന്‍റെ അടിവേരാണ്. ഹഖ് തആല പറയുന്നു. ഇതൊരു വൃക്ഷമാണ്. അടിവേര്ശരിക്ക് ഊന്നിക്കഴിഞ്ഞു. ഇതിന്‍റെ ശാഖകളും കൊന്പുകളും ആകാശത്തില്‍ വളര്‍ന്നുപൊങ്ങി. പരിശുദ്ധ ദീനുല്‍ ഇസ്‍ലാമിന് അടിവേരുകള്‍ ഉണ്ട്. എന്താണ് അടിവേരുകള്‍. റബ്ബുല്‍ ഇസ്സത്തിന്‍റെ മഹത്ത്വുക്കള്‍ അന്പിയാക്കള്‍ അവരുടെ പിന്‍കാമികള്‍ എന്ന് ഞാന്‍ പറയുന്നത് എന്‍റെ സ്വന്തം നിലക്കാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കരുത്, കാരണം എന്തുകൊണ്ട് പിന്‍കാമി കൂടാതെ കഴിയില്ലല്ലോ.
നബി (സ) ലോകത്തിന് മുന്പാകെ കൊണ്ടുവന്നത് എന്താണ്. പരിശുദ്ധാത്മാക്കളെ വാര്‍ത്തെടുക്കലാണ്. പരിശുദ്ധാത്മാക്കളെ തസ്കിയത്ത് ചെയ്തു വാര്‍ത്തെടുത്തെങ്കില്‍ മാത്രമേ ഈ പരിശുദ്ധ ദീന്‍ നിലനില്‍ക്കുകയുള്ളു. നബി (സ) ചെയ്ത പ്രവര്‍ത്തി ദീനിനു ആവശ്യമായ കാര്യമാണെങ്കില്‍ ഖിയാമം വരെ ആ നിലക്കുള്ള പരിശുദ്ധാത്മാക്കള്‍ ഇവിടെ നിലകൊള്ളും. പരിശുദ്ധാത്മാക്കള്‍ നിലകൊള്ളുക തന്നെ വേണം. അല്ലെങ്കില്‍ നബി (സ) കൊണ്ടുവന്ന ദൗത്യത്തിന്‍റെ ഒരു ഭാഗം നഷ്ടപ്പെട്ടു എന്ന് കണക്കാക്കേണ്ടിവരും. ആ സമയത്ത് നബി(സ) തങ്ങള്‍ക്ക് ഖാത്തിമുന്നബിയ്യീന്‍ എന്ന സ്ഥാനം നഷ്ടപ്പെട്ടു പോകുകയും ചെയ്യും. ഇതാണ് ഞാന്‍ പറഞ്ഞത്, ബഹുമാനപ്പെട്ട സുന്നത്ത് ജമാഅത്തിന്‍റെ അഖീദ ബഹുമാനപ്പെട്ട മുഹമ്മദ് (സ) ഖാത്തിമുന്നബിയ്യീന്‍ ആണ് എന്നതാണ്. അവിടുന്ന് കൊണ്ടുവന്നത് പരിപൂര്‍ണ്ണവും ചെയ്തത് മുഴുവനും ശരിയുമാണ്. അവിടുന്ന് പരിശുദ്ധാത്മാക്കളെ വളര്‍ത്തി ലോകത്തിന് സമര്‍പ്പിച്ചു. അവരുടെ ഉത്തമ അവകാശികള്‍ ലോകവസാനം വരെ തുടരുകയും വേണം. അവരാണ് ഈ സമുദായത്തിന്‍റെ ഉത്തമ നേതാക്കള്‍. അവരെ പിന്‍പറ്റിയെങ്കിലേ ഈ സമുദായത്തിന് രക്ഷ ലഭിക്കുകയുള്ളൂ. ഇതാണ് സമസ്തയുടെ വിശ്വാസത്തിന്‍റെ അടിത്തറ. ഈ അടിത്തറക്ക് തെറ്റ് ഒരു ബുദ്ധിയുള്ള മനുഷ്യനും സാധ്യമല്ല. ഇത് ചോദ്യം ചെയ്യാനും സാധ്യമല്ല. (തക്ബീര്‍ ).
ആ നിലക്കുള്ള പരിശുദ്ധാത്മാക്കള്‍ ഇവിടെ വന്നിരുന്നു. അവരെക്കൊണ്ടാണ് ഈ കേരളത്തില്‍ പരിശുദ്ധ ദീന്‍ പ്രചരിച്ചത്. ചേരമാന്‍ പെരുമാളും സാമൂതിരി മഹാരാജാവും അവരെ ബഹുമാനിച്ചിരുന്നു. അവരെ ഭയപ്പെട്ടിരുന്നു. അവരെ സ്നേഹിച്ചിരുന്നു. ആ നിലക്കുള്ള പരസ്പര സ്നേഹവും ആദരവും രാജ്യത്ത് നിലനില്‍ക്കണമെങ്കില്‍ പരിശുദ്ധാത്മാക്കളുടെ നേതൃത്വത്തില്‍ അണിനിരക്കുന്നൊരു സമൂഹം ഈ രാജ്യത്ത് ആവശ്യമാണ് (തക്ബീര്‍ ). ആ നിലക്കുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കുകയാണ് സമസ്ത ചെയ്യുന്നത്. ഈ സമയത്ത് അമുസ്‍ലിം സുഹൃത്തുക്കള്‍ ശരിക്കും മനസ്സിലാക്കണം. നിങ്ങള്‍ നിങ്ങളെകൊണ്ടാകുന്ന നിലക്ക് ഞങ്ങളെ സഹായിക്കണമെന്നും ഞങ്ങളോട് സഹകരിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. കാരണം ഇവിടെ കക്ഷിവഴക്ക് ഇല്ലാതെയും സാമുദായിക മൈത്രിയോടെയും നിലകൊള്ളണമെങ്കില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിലകൊള്ളണം. (തക്ബീര്‍ ). സാമൂതിരിയുടെയും ചേരമാന്‍ പെരുമാളിന്‍റെയും കാലത്തുണ്ടായിരുന്ന നല്ല അന്തരീക്ഷം ഇവിടെ സൃഷ്ടിക്കണമെങ്കില്‍ നിങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ പിന്തുണക്കണം. അമുസ്‍ലിം സുഹൃത്തുക്കള്‍ സമസ്തയെ മനസ്സിലാക്കണം. എന്നിട്ട് കണ്ണ് തുറക്ക്.
ഞാന്‍ പറയുന്നു - സമസ്ത എന്ന ശക്തി എന്താണെന്ന് ഈ രാജ്യത്തെ മുഴുവന്‍ കക്ഷികളെയും ഈ മഹാസമ്മേളനം ഉണര്‍ത്തുന്നു. ഉണരുകയും വേണം. ഇവിടെ ഗവണ്‍മെന്‍റ്, നിങ്ങള്‍ മതത്തില്‍ കയ്യിടരുത്, നിങ്ങള്‍ ദീനില്‍ കൈവെക്കരുത്, നിങ്ങള്‍ കൈവെച്ചിട്ടില്ല, പക്ഷേ ദീനില്‍ നിങ്ങള്‍ വല്ലതും ചെയ്തിട്ടുണ്ടെങ്കില്‍ അത് മുസ്‍ലിം സമുദായത്തിലെ വഞ്ചകന്മാര്‍ വഴിയാണ് (തക്ബീര്‍ ). നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം എന്തുകൊണ്ട്. ഒരു ഇന്ത്യന്‍ നേതാവ് കോട്ടക്കല്‍ ചികിത്സക്ക് വന്നു. അവിടെ ചെന്ന് ഇസ്‍ലാമിന്‍റെ വിധികള്‍ ബഹുഭാര്യത്ത്വം പിന്തുടര്‍ച്ചാവകാശം മുതലായവ തിരുത്തണമെന്ന് മുസ്‍ലിം സമുദായത്തില്‍ ജനിച്ച ചിലര്‍ ആവശ്യപ്പെട്ടു. പക്ഷേ അദ്ദേഹം അത് തള്ളി. അക്കാര്യത്തില്‍ ഞങ്ങള്‍ ഇടിടുത്തെ ഗവണ്‍മെന്‍റിനെ പ്രശംസിക്കുകയാണ്. നിങ്ങള്‍ ഒരിക്കലും അത് ചെയ്യരുത് (തക്ബീര്‍ ).
മുസ്‍ലിം സമുദായത്തിലെ അംഗങ്ങള്‍ തന്നെ ദീന്‍ അലങ്കോലപ്പെടുത്താന്‍ വേണ്ടി ശ്രമിക്കുകയാണ്. അവര്‍ക്ക് എത്രത്തോളം ഈ സമുദായത്തില്‍ പിന്‍ബലമുണ്ടെന്ന് ഗവണ്‍മെന്‍റ് മനസ്സിലാക്കണം. ഈ രാജ്യത്തിലെ ഗവണ്‍മെന്‍റ് മുസ്‍ലിംകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. ശരിക്ക് വീക്ഷിക്കുകയും വേണം. സമസ്ത എന്താണ്. നിങ്ങള്‍ കണ്ണ് തുറക്ക് - ഞങ്ങള്‍ എപ്പോഴും ഈ രാജ്യത്തെ ഗവണ്‍മെന്‍റിന് പിന്തുണ പ്രഖ്യപിച്ചുകൊണ്ടാണ് ഏതു രംഗത്തും പ്രവര്‍ത്തിക്കുന്നത്. അതിന്‍റെ ബൈലോവില്‍ തന്നെ ഗവണ്‍മെന്‍റിന് പിന്തുണ കാണാവുന്നതാണ്. ഞങ്ങളുടെ ചരിത്രത്തില്‍ ഒരിക്കലും തന്നെ ഒരു വിപ്ലവത്തിന് ഒരുങ്ങിയതായി കാണാന്‍ സാധ്യമല്ല. ജമാഅത്തെ ഇസ്‍ലാമിയും മറ്റു സംഘടനകളും എടുത്തു നോക്കിയാല്‍ അവയുടെ ഭരണഘടനയിലും പ്രവര്‍ത്തനങ്ങളിലും വിപ്ലവ മനസ്തിതി നിങ്ങള്‍ക്ക് കാണാന്‍ കഴിയും.