താങ്കളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹമെന്താണ്?. ഉദ്യോഗസ്ഥനായ എന്‍റെ ഒരു സുഹൃത്തിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കുമിപ്പോള്‍ നാലു ചക്രവാഹനങ്ങള്‍ ഉണ്ട്. ലോണെടുത്തിട്ടായാലും ഒന്നു വാങ്ങണം. നമ്മള്‍ നമ്മുടെ സ്റ്റാറ്റസ് നിലനിര്‍ത്തണ്ടെ. രാഷ്ട്രീയക്കാരനായ മറ്റൊരു സുഹൃത്തിനോട് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് മറ്റൊരുത്തരമായിരുന്നു. അടുത്തു തന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരും. ആരുടെ കാലുപിടിച്ചാണെങ്കിലും ഒരു സീറ്റ് ഒപ്പിച്ചെടുക്കണം. പക്ഷേ, ഞാന്‍ ഉത്തരം കിട്ടിയത് എട്ടാം തരത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയില്‍ നിന്നായിരുന്നു.
എനിക്ക് സനേഹം കിട്ടണം. എന്നെ ആരും സ്നേഹിക്കുന്നില്ല. ഉമ്മ, ബാപ്പ ആര്‍ക്കും എന്നോടു സ്നേഹമില്ല. ക്ലാസ്സില്‍ ചെന്നാല്‍ കൂട്ടുകാര്‍ക്കും പഠിത്തത്തിന്‍റെ കാര്യത്തില്‍ മാത്രമാണ് ശ്രദ്ധ. അധ്യാപികക്കാണെങ്കില്‍ കുറ്റപ്പെടുത്താനും വഴക്കു പറയാനും മാത്രമെ സമയമുള്ളൂ. എനിക്ക് ജീവിതം മടുത്തു. ഈ ഒരൊറ്റ കാരണം കൊണ്ട് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തവരും നാടുവിട്ടു പോയവരുമായ അനവധി വിദ്യാര്‍ത്ഥികള്‍ നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു. കോടതികളിലും കുടുംബക്കോടതികളിലും കൂട്ടിവിളിക്കാനും വേര്‍പിരിക്കാനും വേണ്ടി വിധി കാത്തുകിടക്കുന്ന എത്രയോ കേസുകള്‍ . നിര്‍മാണ ചെലവോ ഉല്പ്പനച്ചിലവോ കൂടാതെ നമ്മുടെ ആത്മാവില്‍ നിന്നും ആഗ്രഹിക്കുന്നവരുടെ ഹൃദയത്തിലേക്ക് അമൃതപ്രവാഹം പോലെ പകര്‍ന്നു കൊടുക്കാന്‍ കഴിയുന്ന ദൈവീകമായ ഈ സ്നേഹത്തിന് മനുഷ്യന്‍ എന്തിനാണ് പിശുക്ക് കാണിക്കുന്നത്. നിങ്ങള്‍ എപ്പോഴെങ്കിലും ഈ വിധത്തില്‍ ചിന്തിച്ചിട്ടുണ്ടോ ?. എങ്കില്‍ ചിന്തിക്കണം.
ജീവന്‍ സ്നേഹത്തില്‍ നിന്നും തളിര്‍ക്കുന്നു. ഉല്പത്തി സനേഹമാണ്. ജീവന്‍ സ്നേഹത്തെ അന്വേഷിക്കുന്നു. ജീവന്‍റെ ലക്ഷ്യവും സ്നേഹമാണ്. സ്നേഹത്തെ അറിയാത്ത ഒരു പ്രാണിയോ ജീവനുള്ള വസ്തുവോ ഭൂമിയില്‍ ഇല്ല. സ്നേഹത്തിന് വ്യത്യസ്തമായ പല രുചികളും നമുക്ക് തോന്നാറുണ്ട്. ഒരു ഭര്‍ത്താവിന് ഭാര്യയോട് തോന്നുന്ന സ്നേഹത്തെ പ്രണയം എന്നു വിളിക്കാം. അമ്മക്ക് കുഞ്ഞിനോട് തോന്നുന്ന സ്നേഹം വാത്സല്യമാണ്. സമപ്രായക്കാര്‍ തമ്മില്‍ പങ്കിടുന്ന സ്നേഹം മൈത്രിയാണ്. മുതിര്‍ന്നവരോട് നാം പ്രകടിപ്പിക്കുന്ന സ്നേഹത്തെ ആദരവ് എന്നു വിളിക്കും. ഭക്ഷണത്തോട് നാം പ്രകടിപ്പിക്കുന്ന സനേഹം ഇഷ്ടമാണ്. സര്‍വ്വശക്തനായ ദൈവം തന്പുരാനോട് നാം പ്രകടിപ്പിക്കുന്ന സ്നേഹത്തിന് ഭക്തി എന്നു പറയും. അപ്പോള്‍ അനന്തകോടി വൈവിധ്യങ്ങളേയും വൈരുദ്ധ്യങ്ങളേയും തമ്മില്‍ കൂട്ടിയിണക്കുന്ന ശക്തി സ്നേഹമല്ലാതെ മറ്റൊന്നുമല്ല.
അന്ധനായ ഒരു സ്നേഹിതന് തന്പുരാന്‍ സൃഷ്ടിച്ച ഈ പ്രപഞ്ചത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയില്ല. നിങ്ങള്‍ എത്ര സഹായിച്ചാലും അയാള്‍ക്കത് അസാദ്ധ്യമാണ്. ബധിരനായ ഒരു ചങ്ങാതിയെ നിങ്ങള്‍ സംഗീതമാസ്വദിപ്പിക്കാന്‍ നടത്തുന്ന ഏതു ശ്രമവും അയാള്‍ക്ക് മധുരതരമായിരിക്കും. എങ്കില്‍ നിങ്ങള്‍ പരമകാരുണികനായ തന്പുരാന്‍റെ വിശ്വാസിയാണെങ്കില്‍ എന്തിന് സ്നേഹിക്കാതിരിക്കണം.
വൈദ്യശാസ്ത്രം വെളിപ്പെടുത്തുന്ന ഒരു സത്യമുണ്ട്. ജിവിതത്തില്‍ സന്തോഷിക്കുകയും ഉറക്കെ ചിരിക്കുകയും ചെയ്യുന്ന ആളുകള്‍ക്കാണ് പലപ്പോഴും രോഗങ്ങളില്‍ നിന്നും മുക്തി കിട്ടുക. ഒരു മനുഷ്യ മനസ്സ് തുറക്കുന്ന താക്കോലാണ് സ്നേഹമെന്ന് വേണമെങ്കില്‍ പറയാം. സ്നേഹമുള്ളപ്പോഴേ സന്തോഷിക്കാന്‍ കഴിയൂ. ലോകചരിത്രത്തില്‍ ഒരിക്കലും ചിരിക്കാത്ത ക്രൂദ്ധനായ ഒരു മനുഷ്യനുണ്ട്. അറുപത് ലക്ഷം ജൂതന്മാരെ കൊന്നൊടുക്കുകയും രണ്ടാം ലോകമഹായുദ്ധത്തിന് കാരണക്കാരനാവുകയും ചെയ്ത ഒരു കുപ്രസിദ്ധന്‍ . ഹിറ്റ്ലര്‍ എന്നാണ് വിളിക്കുക. ഹിറ്റ്ലര്‍ സ്നേഹത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടാവില്ല. മഹായുദ്ധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഒരു ശക്തിയും മനുഷ്യനെ സ്നേഹിക്കാതെ അവന്‍റെ വിനാശം കൊതിക്കുന്നവരാണ്. തന്പുരാന്‍ സൃഷ്ടിച്ച ഈ പ്രപഞ്ചത്തെ വിശുദ്ധമായ സ്നേഹം കൊണ്ട് നമുക്ക് നിലനിര്‍ത്താന്‍ കഴിയണം. സ്നേഹത്തില്‍ നിന്നുദിക്കുന്ന ലോകം. സ്നേഹത്താല്‍ വൃദ്ധി നേടുന്നു. പിശുക്ക് കൂടാതെ ദാനം ചെയ്യാന്‍ പറ്റുന്ന അമൂല്യമായ ഒരു വികാരമാണ് സ്നേഹം
- സത്യധാര 2009 ഒക്ടോബര്‍ 16-31