ദൈവം എന്നത് മനുഷ്യ പ്രകൃതിയുടെ ഒരനിവാര്യാന്യേഷണമാണ്. ഒരു ജന്മവാസന പോലെ ദൈവവിശ്വാസം മനുഷ്യനിലുണ്ട്. മനുഷ്യാരംഭം മുതല് ഇന്നേവരെയുള്ള ബഹുഭൂരിപക്ഷം മനുഷ്യരും ഏതെങ്കിലും തരത്തിലുള്ള ദൈവവിശ്വാസം വെച്ചുപുലര്ത്തുന്നവരാണ്. ജന സമ്പര്ക്കമില്ലാത്ത ഒരു വനപ്രദേശത്ത് ജനിച്ച് വളരുന്ന കുട്ടിയും ആരും പറഞ്ഞ് കൊടുക്കാതെ ദൈവവിശ്വാസത്തിലേക്കെത്തുന്നതായി നാമറിയുന്നു. അത് കൊണ്ട് തന്നെ സ്രഷ്ടാവില് സ്വയം അര്പ്പിക്കാനുള്ള മനുഷ്യന്റെ താല്പര്യമാണ് ദൈവവിശ്വാസം.
മനുഷ്യന് പ്രകൃത്യാ ബലഹീനനാണ്. പലര്ക്കും വിധേയപ്പെട്ടു കൊണ്ടാണ് അവന് ജീവിതം തുടങ്ങുന്നത്. തന്നേക്കാള് ശക്തിയും കഴിവുമുള്ളവരില് നിന്ന് അവന് സദാ സഹായം തേടിക്കൊണ്ടിരിക്കുന്നു. മാതാപിതാക്കള്, സഹോദരന്മാര്, ഗുരുനാധന്മാര് തുടങ്ങി എല്ലാവരില് നിന്നും. എന്നാല് പല വിഷയങ്ങളിലും അവര്ക്ക് പരിമിധികളുണ്ടെന്ന് അവന് തിരിച്ചറിയുന്നു. അത്തരം സന്ദര്ഭങ്ങളില് അവരെല്ലാത്ത മറ്റൊരു ശക്തി തനിക്ക് പിന്തുണയും സംരക്ഷണവും നല്കുന്നതായി അവനു ബോധ്യപ്പെടുന്നു.
ഒരു ചെറിയ വസ്തുവിനെ പോലും പുതുതായി ഉണ്ടാക്കാന് കഴിയില്ലെന്ന് മനുഷ്യന് തന്നെ സമ്മതിക്കുന്നു. നാഥനില്ലാത്തൊരു കുടുംബത്തിനോ നേതാവില്ലാത്തൊരു സമൂഹത്തിനോ ഭരണാധികാരിയില്ലാത്തൊരു രാഷ്ട്രത്തിനോ നിലനില്ക്കാന് കഴിയില്ലെന്ന് നാം അറിയുന്നു. എന്നാല് നാം കാണുന്ന വിശാലമായ ഈ പ്രപഞ്ചത്തെയും അതിലെ സകല വസ്തുക്കളെയും ആദിയില് സൃഷ്ടിച്ചതരാണ്?, എണ്ണിയാല് ഒടുങ്ങാത്ത പ്രപഞ്ച പ്രതിഭാസങ്ങളെ വര്ഷങ്ങളായി സംരക്ഷിക്കുകയും അതിനെ വ്യവസ്ഥാപിതമായി പരിപാലിക്കുകയും ചെയ്യുന്നതാരാണ്?, ഇവക്ക് സൃഷ്ടാവും പരിപാലകനും ആവശ്യമില്ലേ?
നമുക്കു ചുറ്റുമുള്ള പ്രകൃതി പ്രതിഭാസങ്ങള്- ഭൂമി, ആകാശം, സൂര്യന്, ചന്ദ്രന്, ഗ്രഹങ്ങള്, നക്ഷത്രങ്ങള് തുടങ്ങിയവയെല്ലാം എന്തുമാത്രം കൃത്യനിഷ്ഠയോടെയും അനുസരണയോടെയുമാണ് അവയുടെ ധര്മങ്ങള് നിര്വഹിച്ചു കൊണ്ടിരിക്കുന്നത്. അവക്കിടയില് പരസ്പര പൊരുത്തവും കൃത്യമായ ആസൂത്രണവും നാം കാണുന്നു. നമ്മുടെ ജീവിതത്തെ പൂര്ണമായോ ഭാഗികമായോ സ്വാധീനിക്കാന് അവക്കു കഴിവുള്ളതായി നാം മനസ്സിലാക്കുന്നു. ഇവയെല്ലാം സ്വയംഭൂവാണെന്നും ഇവക്കിടയിലെ കൃത്യതയും നിയന്ത്രണവും കേവലം യാതൃഛികം മാത്രമാണെന്നു വിലയിരുത്താന് നമുക്കെങ്ങനെ സാധിക്കും?
പ്രപഞ്ചവും സര്വ്വ വസ്തുക്കളും ഒരു മൂലപദാര്ത്ഥത്തില് നിന്ന് പരിണമിച്ചുണ്ടായതെന്ന് വാദിക്കുന്ന തത്വശാസ്ത്രവും പരിണാമവാദവും ആദി പദാര്ത്ഥവും ആദ്യ ജീവകോശവും എങ്ങനെയുണ്ടായി എന്ന് വിശദീകരിക്കുന്നില്ല. നിര്ജീവ പദാര്ത്ഥത്തില് നിന്ന് ജീവനും ചിന്തയും വികാരവുമുള്ള വസ്തുക്കളായി എന്ന വാദം ആധുനിക ജീവശാസ്ത്രം തന്നെ തള്ളിക്കളയുന്നു. പ്രപഞ്ചത്തെ ചൂഴ്ന്നു നില്ക്കുന്ന ഭൗതിക-രാസ-ജൈവ നിയമങ്ങളും മറ്റു ശാക്തിക ഘടകങ്ങളും ഭൂമിയില് ജീവന്റെ നിലനില്പ് സാധൂകരിക്കാനെന്നോണം വളരെ കൃത്യമായ അളവിലാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത് എന്ന പുതിയ കണ്ടെത്തല് പ്രപഞ്ചത്തിന്റെ ഉല്ഭവവും അതിലെ സങ്കീര്ണതകളും കേവലം യാദൃഛികം മാത്രമാണെന്ന വാദത്തെ തീര്ത്തും നിഷേധിക്കുന്നതാണ്.
ദൈവവിശ്വാസമെന്നത് പലരും പറയുന്നത് പോലെ വര്ഗ്ഗ സമരത്തിന്റെ സന്തതിയായിരുന്നില്ല. ചൂഷകരുടെ ചൂഷണത്തിനുള്ള ഉപാധിയുമായിരുന്നില്ല. കാരണം മനുഷ്യചരിത്രത്തിലെ അത്തരം സംഘര്ഷങ്ങള്ക്കെല്ലാം എത്രയോ മുമ്പ് തന്നെ ദൈവവിശ്വാസമുണ്ടായിരുന്നു. ഇനി പ്രകൃതിശക്തികളോടുള്ള മനുഷ്യന്റെ ഭയത്തില് നിന്നും വിധേയത്വത്തില് നിന്നും ഉല്ഭവിച്ചതാണെന്ന വാദവും ശരിയല്ല. കാരണം ചരിത്രത്തിലറയപ്പെടുന്ന വിശുദ്ധ പുരുഷന്മാരും മറ്റു മതബോധമുള്ള വ്യക്തിത്വങ്ങളും ലോകം കണ്ട ഏറ്റവും വലിയ ധീരന്മാരും മനഃശക്തിയുള്ളവരുമായിരുന്നു.
ചുരുക്കത്തില്, സങ്കീര്ണത നിറഞ്ഞ മനുഷ്യശരീരവും ആകാശ, ഭൂമി, സൂര്യന്, രാപകല്, സമുദ്രം, കാറ്റ്, മഴ, തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളുടെ ആസൂത്രിതമായ രൂപകല്പനയും വ്യവസ്ഥാപിതമായ നിയന്ത്രണവും ഏതൊരാളെയും ദൈവത്തിലേക്ക് എത്തിക്കാന് മാത്രം പര്യാപ്തമാണ്. ദൈവത്തെ അംഗീകരിക്കുന്നവനും അല്ലാത്തവനും പ്രകൃതിയിലൂടെ ദൈവത്തെ അറിയുകയും പലകാര്യങ്ങളിലും ദൈവത്തെ ആശ്രയിക്കുകയും ചെയ്യുന്നുണ്ട്. ദൈവ നിരാസത്തിലൂടെ ഒരു വ്യക്തി ദൈവത്തിന് നല്കേണ്ട ആദരവും വിധേയത്വവും മറ്റാര്ക്കെങ്കിലും നല്കുകയോ അല്ലെങ്കില് സ്വയം ദൈവമായി ചമയുകയോ ആണ് ചെയ്യുന്നത്.
എന്തിന് ഏകത്വം?
ഭൂമിയില് ആദ്യം ഉടലെടുത്ത രീതി ഏകദൈവ വിശ്വാസമായിരുന്നു. ബഹുദൈവ വിശ്വാസത്തില് നിന്നും ഏകദൈവ വിശ്വാസമുണ്ടായി എന്ന വാദം ചരിത്രപരമായി തെളിയിക്കാന് സാധിക്കാത്തതാണ്. തുടക്കത്തില് ഏകദൈവത്തില് മാത്രം വിശ്വസിച്ചിരുന്ന മനുഷ്യകുടുംബം കാലക്രമത്തില് വളര്ന്ന് പന്തലിച്ച് വ്യത്യസ്ത വിഭാഗങ്ങളായിത്തീരുകയും ഓരോരുത്തരും തങ്ങള്ക്കിഷ്ടപ്പെട്ട കുലദൈവങ്ങളെ സ്വീകരിക്കാന് തതയ്യാറാവുകയും ചെയ്തുവെന്നതാണ് ബഹുദൈവവിശ്വാസത്തിന്റെ ഉത്ഭവ കാരണമായി കരുതപ്പെടുന്നത്.
ലേകത്തിലെ എല്ലാ പ്രബല മതങ്ങളും മതഗ്രന്ഥങ്ങളും പ്രചരിപ്പിച്ചത് ഏകദൈവത്തിലധിഷ്ഠിതമായ സന്ദേശങ്ങളായിരുന്നു. ധര്മ സംസ്ഥാപനത്തിന് വേണ്ടി ഭൂമിയിലേക്ക് വന്ന ആദികാല പ്രവാചകന്മാരുടെയും വിശുദ്ധ പുരുഷന്മാരുടെയും ദൗത്യം ബഹുദൈവവിശ്വാസത്തിലേക്ക് തിരിച്ച് കൊണ്ട് വരിക എന്നതായിരുന്നു.
നമ്മുടെ ഐഹികമായ പല ചെറിയ കാര്യങ്ങളിലും അവയുടെ തലപ്പത്ത് ഒരേ അധികാരമുള്ള ഒന്നിലധികം ആളുകളുണ്ടാവുന്നത് അതിന്റെ വ്യവസ്ഥാപിതമായ നിയന്ത്രണത്തിനും പൂര്ണ വിജയത്തിനും വിഘാതമാണെന്ന് നാമെല്ലാം മനസ്സിലാക്കുന്നു. അങ്ങനെ വരുമ്പോള് പരന്ന് പ്രസരിച്ച് കിടക്കുന്ന ഈ മഹാ പ്രപഞ്ചത്തിന്റെ നിയന്ത്രണവും മേല്നോട്ടവും ഒന്നിലധികം ദൈവങ്ങള് ചേര്ന്ന് നിര്വഹിക്കുന്നുവെന്നത് എങ്ങനെ ന്യായീകരിക്കാനാവും?
സാക്ഷാല് ദൈവത്തിന് പങ്കാളികളായി മറ്റു ദൈവങ്ങളുണ്ടാവുക എന്നത് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെയും അതിന്റെ നിയന്ത്രണത്തേയും ബാധിക്കുന്ന പ്രശ്നമാണ്. അവിടെ ദൈവങ്ങള്ക്കിടയില് അധികാര വിനിയോഗ പ്രശ്നങ്ങളും അത് വഴി അരാജകത്വവുമുണ്ടാവും. അത് ലോകത്തെ നാശത്തിലേക്ക് നയിക്കും. അത് പോലെ ഒന്നിലധികം ദൈവങ്ങള് ഉണ്ടാകുമ്പോള് അവിടെ ഒരു ദൈവത്തിന് മറ്റു ദൈവത്തെ അതിജയിക്കാന് കഴിയില്ലെന്ന് വരും. ഇനി ഒരു ദൈവം മറ്റൊരു ദൈവത്തെ അതിജയിക്കുകയാണെങ്കില് അതിജയിക്കപ്പെടുന്നവന് ദൈവമല്ലെന്ന് വരുന്നു. ഇത് സൂചിപ്പിക്കുന്നത് ദൈവം ഏകന് മാത്രമായിരിക്കണമെന്നാണ്.
നിരാശ്രയത്വം
യഥാര്ത്ഥ ദൈവം മറ്റുള്ളവരെ ആശ്രയിക്കാത്തവനും എല്ലാവരാലും ആശ്വയിക്കപ്പെടുന്നവനുമായിരിക്കണം. അതിന് സൃഷ്ടി-നിയന്ത്രണത്തിന്റെ എല്ലാ അധികാരങ്ങളും അവനില് മാത്രം നിക്ഷിപ്തമായിരിക്കണം. സൃഷ്ടിക്കുന്നത് ഒരു ദൈവം, സംരക്ഷിക്കുന്നത് വേറൊരു ദൈവം, സംഹരിക്കുന്നത് മറ്റൊരു ദൈവം എന്നിങ്ങനെയായാല് അവിടെ ദൈവത്തിന് പരമാധികാരം നഷ്ടപ്പെടുന്നു. ഒരു ദൈവം മറ്റൊരു ദൈവത്തെ ആശ്രയിക്കേണ്ടി വരികയോ പരസ്പരധാരണയുണ്ടാക്കേണ്ടി വരികയോ ആവശ്യമാവുന്നു. അങ്ങനെയുണ്ടായില്ലെങ്കില് പരസ്പര ബന്ധിതമായ പ്രപഞ്ച സംവിധാനങ്ങള് അവതാളത്തിലാവുകയും ലോകം നശിക്കുകയും ചെയ്യുന്നു.
ദൈവമല്ലാത്ത സകലതും ദൈവത്തിന്റെ സൃഷ്ടികളാണ്. ഒരു തരത്തിലല്ലെങ്കില് മറ്റൊരു തരത്തില് അവയെല്ലാം ദൈവത്തെ ആശ്രയിക്കുന്നവയാണ്. ദൈവം നല്കുന്നതല്ലാതെ ഒരു കഴിവും അവക്ക് അവകാശപ്പെടാനില്ല. അത് കൊണ്ട്. അത്കൊണ്ട് തന്നെ അവയൊന്നും യാതൊരു വിധത്തിലുള്ള ദിവ്യത്വവും അര്ഹിക്കുന്നില്ല. പരാശ്രയമാവശ്യമില്ലാത്ത ദൈവത്തിന് മാത്രമെ പൂര്ണമായ ദിവ്യത്വം അവകാശപ്പെടാനാവൂ.
ആരാധനയുടെ ഏക അവകാശം
ഒരു സൃഷ്ടി കാണിക്കുന്ന അങ്ങേയറ്റത്തെ താഴ്മയാണ് ആരാധനയെന്നത്. അത് ഒരു ദൈവത്തോട് മാത്രമെ ആകാവൂ. ആരാധന ഒന്നിലധികം പേരോടാവുമ്പോള് അതിന്റെ അര്ത്ഥം തന്നെ നഷ്ടപ്പെടുന്നു. അത് പോലെ ആരാധനയുടെ അവകാളം പലര്ക്കും വക വെച്ച് കൊടുക്കുമ്പോള് ചില ദൈവങ്ങള് കൂടുതലായി ആരാധിക്കപ്പെടുകയും മറ്റു ചില ദൈവങ്ങള് തീരെ ആരാധിക്കപ്പെടാതിരിക്കുകയും ചെയ്യുക എന്ന അനുചിതമായ സാഹചര്യം സംജാതമാവുന്നു.
ദൈവത്തിന് മാത്രം അവകാശപ്പെട്ട ആരാധന ഏതര്ത്ഥത്തിലും സൃഷ്ടികളോട് പാടുള്ളതല്ല. ദൈവമിഷ്ടപ്പെടുന്ന സൃഷ്ടികളോടും ധര്മ സംസ്ഥാപനത്തിന് വേണ്ടി ദൈവം തെരെഞ്ഞെടുക്കുന്ന വ്യക്തികളോടും ബഹുമാനമാവാമെങ്കിലും അവര്ക്ക് ദൈവീക പരിവേഷം നല്കുന്നതും ആരാധന നിര്വഹിക്കുന്നതും ദൈവം ഒരിക്കലും ഇഷ്ടപ്പെടില്ല.
ജീവിച്ചിരിക്കലും അസ്തിത്വവും
യഥാര്ത്ഥ ദൈവം ആദ്യമെ അന്ത്യമോ ഇല്ലാത്തവനായിരിക്കണം. ജീവിച്ചിരിക്കുന്നവനും മരണം സംഭവിക്കാത്തവനുമായിരിക്കണം. ചിലര് നിര്ഗുണ പരമാത്മാ എന്ന് വിശേഷിപ്പിക്കുന്ന ദൈവം ജീവനോ ബുദ്ധിയോ വിവേകമോ ഇല്ലാത്ത അന്ധമായ ശക്തിയാണ്. അവിടെ ജീവനും ബുദ്ധയും വിവേകവുമുള്ള മനുഷ്യന് ദൈവത്തേക്കാള് ഉയര്ന്ന നിലയിലാണ്. അത്കൊണ്ട് തന്നെ ദൈവത്തെ മനുഷ്യനേക്കാള് തരം താഴ്ത്തുന്ന ഈ ദൈവസങ്കല്പം ശരിയല്ലെന്ന് വരുന്നു.
അത്പോലെ ദൈവത്തിന്റെ സത്ത സൃഷ്ടികളില് നിന്നു വേറിട്ട് നില്ക്കുന്നതായിരിക്കണം. എല്ലാ വസ്തുക്കളിലും ദൈവികാംശം കുടികൊള്ളുന്നുവെന്നും അത്കൊണ്ട് എന്തിനെ ആരാധിച്ചാലും അതെല്ലാം ദൈവത്തിനുള്ള ആരാധനയാണെന്നുമുള്ള വാദം ശരിയല്ല. കാരണം അതൊരുതരം ബഹുദൈവാരാധനയാണ്. മാത്രമല്ല സൃഷ്ടികളില് ലയിച്ച് വിമുക്തനാവാന് സാധിക്കാതിരിക്കുക എന്നത് ദൈവത്തെ സംബന്ധിച്ചെടുത്തോളം മഹത്വത്തിന് നിരക്കാത്തതാണ്. സത്യത്തില് സത്തയല്ല ദൈവത്തിന്റെ അറിവും കഴിവുമാണ് എല്ലാ വസ്തുക്കളിലും ലയിച്ച് കിടക്കുന്നത്.
സൃഷ്ടികളോട് സാദൃശ്യമില്ല
യഥാര്ത്ഥ ദൈവം സൃഷ്ടികളോട് രൂപത്തിലോ ഗുണങ്ങളിലോ സാദൃശ്യം പുലര്ത്തരുത്. ഏതെങ്കിലും സൃഷ്ടികളുടെ രൂപം സ്വീകരിക്കുകയോ സൃഷ്ടികള് ചെയ്യുന്നത് പോലെ ഉണ്ണുകയോ ഉറങ്ങുകയോ സന്താനങ്ങളെ ജനിപ്പിക്കുയോ ചെയ്യരുത്.
ധര്മസംസ്ഥാപനത്തിന് വേണ്ടി ദൈവം മനുഷ്യരൂപത്തില് അവതരിക്കുക എന്നത് ദൈവത്തെ സംബന്ധിച്ചിടത്തോളം പരിശുദ്ധിക്ക് നിരക്കാത്തതാണ്. കാരണം ഭ്രൂണാവസ്ഥയിലും ശൈശവത്തിലും മറ്റു ജീവിതഘട്ടങ്ങളിലും മനുഷ്യരെ ആശ്രയിച്ച് ജീവിക്കേണ്ട ഗതികേട് പരാശ്രയ രഹിതനായ ദൈവത്തിനുണ്ടായിക്കൂടാ. ദൈവദൂതരായ മനുഷ്യരെക്കുറിച്ച് പില്ക്കാലത്തെ ജനങ്ങള് ദിവ്യത്വമാരോപിച്ചതിന്റെ ഫലമായാണ് ദൈവാവതാര സങ്കല്പം ഉടലെടുത്തതെന്ന് അനുമാനിക്കാവുന്നതാണ്.
അത്പോലെ ദൈവം സന്താനത്തെ ജനിപ്പിച്ചു എന്ന വാദവും യുക്തിക്ക് നിരക്കാത്തതാണ്. ഊണും ഉറക്കവും ഭാര്യയും സന്താനങ്ങളുമുള്ള പുത്രന് പിതാവിന് മേല് സ്വാധീനവും അവകാശവും ചിലപ്പോള് അധികാരവുമുണ്ടായിരിക്കും. ഇത് ദൈവത്തിന് പങ്കാളികളെ സങ്കല്പിക്കുന്നതിന് തുല്യമാണ്.
ചില സൃഷ്ടികള്ക്ക് ദൈവം നല്കുന്ന അമാനുഷികമോ അത്ഭുതകരമോ ആയ കഴിവുകള് കണ്ട് ആ സൃഷ്ടിയില് ദിവ്യത്വം ചുമത്തുകയും അവരെ ആരാധിക്കുകയും ചെയ്യുന്നത് മാനസികമായ ദൗര്ബല്യത്തിന്റെ അടയാളമാണ്. കാരണം അവര് തങ്ങളുടെ ജീവിതത്തിന്റെ പല കാര്യങ്ങളിലും ദൈവത്തെ ആശ്രയിക്കുകയും ദൈവീക വിധികള്ക്ക് കീഴ്പ്പെടുകയും ചെയ്യുന്നവരാണ്.
ദൈവത്തിന് ഏതെങ്കിലും സാങ്കല്പ്പിക രൂപം നല്കുന്നതും ആരൂപത്തിലൂടെ ദൈവത്തെ ആരാധിക്കുന്നതും ശരിയല്ല. കാരണം ദൈവവും മനുഷ്യര് കല്പ്പിക്കുന്ന രൂപവും തമ്മില് ഒരു സാദൃശ്യവുമുണ്ടാവാനിടയില്ല. ദൈവത്തെ പദാര്ത്ഥവല്ക്കരിക്കുന്നതും മനുഷ്യന്റെ പരിധികളിലേക്ക് കൊണ്ട് വരുന്നതും ദൈവത്തിന്റെ മഹത്വത്തിന് നിരക്കാത്തതാണ്. മാത്രമല്ല ദൈവത്തേക്കാളുപരിയായി ആരാധന പലപ്പോഴും നിര്ജീവമായ ആ വസ്തുവിനോടുണ്ടാവുന്നു എന്നതും വിഗ്രഹാരാധനയുടെ പ്രശ്നമാണ്.
മനുഷ്യനുണ്ടാവുന്ന പല അനുഭവങ്ങളും അവന്റെ ബോധ-അബോധ മനസ്സുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഒരു കാര്യത്തോടുള്ള അധമ്യമായ സ്നേഹമോ വിശ്വസമോ ഒരാളില് സാധാരണമോ അസാധാരണമോ ആയ അനുഭവങ്ങള് ഉണ്ടാക്കിയെന്ന് വരും. ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തില് താന് ചെയ്യുന്ന കാര്യങ്ങള് പൂര്ണമായും ശരിയാണെന്ന് ധരിക്കുന്നത് മനുഷ്യന്റെ ഇത്തരം നൈസര്ഗീക സ്വഭാവങ്ങളെക്കുറിച്ചുള്ള അജ്ഞത കൊണ്ട് മാത്രമാണ്.
ചുരുക്കത്തില് യഥാര്ത്ഥ ദൈവം ഏകനും പരാശ്രയ മുക്തനും ആരാധനകളുടെ ഏക അവകാശിയും സൃഷ്ടികളുടെ ഗുണങ്ങളോ രൂപങ്ങളോ സ്വീകരിക്കാത്ത ജീവനും സ്വന്തമായ അസ്ഥിത്വവും മറ്റു എല്ലാ നല്ല ഗുണങ്ങളുമുള്ള അഭൗതിക ശക്തിയായിരിക്കണം.
ദൈവവിശ്വാസികളായ ഓരോ മനുഷ്യന്റെയും ഹൃദയത്തില് നിന്നുയരുന്ന എല്ലാ പ്രാര്ത്ഥനകളും പ്രകൃത്യ ഇത്തരം ഒരു ദൈവത്തിലേക്കാണ് ചെന്നത്തുന്നത്. അവന് ഏത് മതക്കാരനാണെങ്കിലും ഏത് ജാതിയില് പെട്ടവനാണെങ്കിലും, അനുസരിക്കുന്നവനാണെങ്കിലും അല്ലാത്തവനാണെങ്കിലും എല്ലാവരുടെയും പ്രാര്ത്ഥനകള് അവന് കേള്ക്കുന്നു. പരീക്ഷണമെന്നോണം തന്നെ ധിക്കരിക്കുന്നവര്ക്ക് ചിലപ്പോള് പണവും പ്രതാപവും നല്കുന്നു. അനുസരിക്കുന്നവര്ക്ക് ചിലപ്പോള് ദാരിദ്ര്യവും അവഗണനയും നല്കുന്നു.
ചിലര് അവനെ ഈശ്വരന് എന്ന് വിളിക്കുന്നു, ചിലര് ഗോഡ് എന്ന് വിളിക്കുന്നു, ചിലര് യഹോവ എന്ന് വിളിക്കുന്നു, മറ്റു ചിലര് അല്ലാഹു എന്ന് വിളിക്കുന്നു, ഇങ്ങലെ പല ഭാഷയിലും പല വിശേഷണത്തിലും. തത്വത്തില് എല്ലാം ഒന്ന് തന്നെ. ഇതനുസരിച്ച് അല്ലാഹു എന്നത് മുസ്ലിംകളുടെ മാത്രം കുല ദൈവമല്ല, ഹിന്ദുക്കളുടെയും കൃസ്ത്യാനികളുടെയും മറ്റെല്ലാ മതസ്ഥരുടെയും ദൈവമാണ്. ഈശ്വരന് എന്നതിന്റെ അറബി സമാന പദം മാത്രമാണത്. ഇവിടെ വ്യത്യാസം ഓരോ മതസ്ഥരും തങ്ങളുടെ ദൈവത്തിന് കല്പ്പിക്കുന്ന ഗുണവിശേഷങ്ങളുടെ കാര്യത്തില് മാത്രമാണ്. പലരും പലവിധത്തില് തങ്ങളുടെ ദൈവത്തെ അവധരിപ്പിക്കുന്നു. അതില് പലതും ദൈവത്തിന്റെ മഹത്വത്തിന് നിരക്കാത്ത ഗുണവിശേഷങ്ങളാണ്. എന്നാല് മുസ്ലിംകള് വിശ്വസിക്കുന്ന അല്ലാഹു എന്ന ദൈവസങ്കല്പ്പത്തിന് നാം മുമ്പ് പറഞ്ഞത് പോലുള്ള എല്ലാ നല്ല വിശേഷണങ്ങളുമുണ്ട് എന്ന പ്രത്യേകതയുണ്ട്.