നവോത്ഥാനം, മതപരിഷ്കരണം തുടങ്ങിയവയെ സംബന്ധിച്ച ആധുനിക കാഴ്ചപ്പാടുകളില്‍ നിന്ന് എത്രയോ വ്യത്യസ്തമാണ് ഇസ്‍ലാമിന്‍റെ വീക്ഷണങ്ങളെന്ന് മനസ്സിലാക്കാന്‍ തീരെ പ്രയാസമില്ല. മധ്യകാല യൂറോപ്പില്‍ ക്രൈസ്തവ പൗരോഹിത്യം ആസ്വദിച്ചുകൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ വ്യവഹാരങ്ങള്‍ക്കെതിരെയുള്ള കലഹങ്ങളും വിമോചന യത്നങ്ങളുമാണ് ആധുനിക വിവക്ഷയിലെ നവോത്ഥാനം.
ഇസ്‍ലാമിക ദൗത്യത്തിലടങ്ങിയ കര്‍മശാസ്ത്രപരമായ വശയങ്ങളെ പ്രതിനിധാനം ചെയ്യുന്ന അതിപ്രധാന ഭാഗമാണ് കര്‍മശാസ്ത്രം. മുസല്‍മാന്‍റെ ദൈനംദിന ജീവിതത്തിലെ സകല പ്രശ്നങ്ങള്‍ക്കും ഇസ്‍ലാമിക കര്‍മ്മ ശാസ്ത്രത്തിന്‍റെ പരിധിക്കുള്ളില്‍ വരുന്നു. ഒരു മുസ്‍ലിമിന്‍റെ ജീവിതത്തിലെ ശരിയും തെറ്റും മനസ്സിലാക്കിത്തരുന്ന വിജ്ഞാന ശാഖയാണ് ഫിഖ്ഹ് എന്ന് പറയുന്നത്. ഇത് ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും പ്രമാണങ്ങള്‍ക്ക് എതിരല്ല. ഖുര്‍ആന്‍, സുന്നത്ത് എന്നീ സമുദ്രങ്ങളില്‍ നിന്ന് പെറുക്കിയെടുത്ത മുത്തുകളാകുന്നു ഇസ്‍ലാമിക കര്‍മ്മശാസ്ത്ര വിധികള്‍ . ഫിഖ്ഹിന്‍റെ ഉത്ഭവം എന്നാണ് ?. നബിയുടെ കാലത്ത് ഫിഖ്ഹ് ഉണ്ടോ ?. മനുഷ്യ പ്രവര്‍ത്തനത്തിന്‍റെ അളവുകോലായി പ്രവാചകന്‍ നിശ്ചയിച്ചു തന്നത് ഖുര്‍ആനും സുന്നത്തുമല്ലെ ?. പിന്നെന്തിന് ഫിഖ്ഹിന്‍റെയും ഫിഖ്ഹ് ഗ്രന്ഥങ്ങളുടെയും പിന്നാലെ പോകുന്നു ? എന്നൊക്കെ ചോദിക്കുന്നവര്‍ ഫിഖ്ഹിനെ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും വ്യത്യസ്തമായി കാണുന്നവരാണ്. ഇസ്‍ലാമിനെ കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം വാദഗതികളിലേക്ക് ഇവരെ നയിക്കുന്നത്. ഇസ്‍ലാമിന്‍റെ അടിസ്ഥാന പ്രമാണമാണ് ഖുര്‍ആന്‍ . ഇരുപത്തിമൂന്ന് വര്‍ഷത്തെ സുദീര്‍ഘമായ കാലയളവ് ഖുര്‍ആനികാവതരണത്തിന് എടുത്തതിന് പിന്നിലുള്ള ഉദ്ദേശ്യം പ്രവാചകാധ്യാപനത്തിലൂടെ ഖുര്‍ആന്‍റെ വ്യാഖ്യാനം യഥാവിധി ഉള്‍ക്കൊണ്ട ഒരു സംസ്ഥാപനമായിരുന്നു. സാര്‍വകാലികവും സാരവജനീനവുമായ ഒരു പ്രസ്ഥാനത്തിന് ഒഴിച്ചു കൂടാനാകാത്തതാണത്. ഇസ്‍ലാമിനെ മറ്റു മതങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്ന മേഖലകളും ഇതു തന്നെ. പ്രവാചകത്വ ലബ്‍ധി മുതല്‍ മരണം വരെയുളള നബി (സ) യുടെ ജീവിതമാണ് ഖുര്‍ആനിന്‍റെ യാഥാര്‍ത്ഥ വ്യാഖ്യാനം. സുന്നത്തെന്നു പറയുന്നതും ഇതിനെത്തന്നെയാണ്. നബിചര്യയെ അവലംബമാക്കാതെ ഖുര്‍ആന്‍ മനസ്സിലാക്കുക സാധ്യമല്ല. ഇവ രണ്ടിലും വിവരിച്ച നിയമങ്ങളുടെ സമുച്ഛയമാണ് ഫിഖ്ഹ് എന്ന പേരില്‍ അറിയപ്പെടുന്നത്.
നബി(സ) തങ്ങളുടെ കാലത്ത് സ്വഹാബത്തിന് കര്‍മ്മശാസ്ത്ര വിധികള്‍ പറഞ്ഞു കൊടുത്തത് പ്രവാചകര്‍ തന്നെയായിരുന്നു. അവര്‍ക്കിടയിലുള്ള പ്രശ്നങ്ങളെ ഖുര്‍ആന്‍റെ വെളിച്ചത്തില്‍ നബി തങ്ങള്‍ തീര്‍പ്പു കല്‍പ്പിച്ചു. ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ലാത്ത പല കാര്യങ്ങളും പ്രവാചകന്‍ സ്വഹാബത്തിന് പഠിപ്പിച്ചിട്ടുണ്ട്. ഇതും അള്ളാഹുവില്‍ നിന്നുള്ള സന്ദേശം മുഖേനയായിരുന്നു. (വ്യക്തമായ ദിവ്യ ബോധനത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ പ്രവാചകന്‍ ഒന്നും പറയുകയില്ല.) നബി (സ) യുടെ കാലശേഷം ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും നബിയോട് അനുധാവനം ചെയ്ത് നബിചര്യ പൂര്‍ണ്ണമായും ഉള്‍കൊണ്ട് സ്വഹാബത്ത് പിന്‍തലമുറക്ക് ഇസ്‍ലാം പഠിപ്പിച്ചു കൊടുത്തു. ഖുര്‍ആനും സുന്നത്തും ഫിഖ്ഹും ഭാവിതലമുറക്ക് കൈമാറിയതും ഇവര്‍ തന്നെ.
പ്രവാചകന്‍റെ ശിക്ഷണത്തില്‍ നിന്ന് ഫിഖ്ഹ് പഠിച്ച സ്വഹാബികള്‍ക്കിടയില്‍ ശാഖാപരമായ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാക്കുകളും സന്ദര്‍ഭങ്ങളും വ്യാഖ്യാനിക്കുന്പോള്‍ സ്വാഭാവികമായും സംഭവിക്കുന്ന ഭിന്നതകള്‍ ദീനിനെതിരല്ല. ഇതിന്‍റെ തെളിവത്രെ ബനൂഖുറൈള സംഭവത്തില്‍ സ്വഹാബികള്‍ക്കിടയിലുണ്ടായ അഭിപ്രായങ്ങളെ നബി നങ്ങള്‍ അംഗീകരിച്ചത്. അവിടന്ന് സ്വഹാബികളോട് പറഞ്ഞു. ബനൂ ഖുറൈളയിലെത്തിയിട്ടേ നിങ്ങള്‍ അസ്റ് നിസ്കരിക്കാവൂ. പ്രസ്തുത സ്ഥലത്തെത്തിയിട്ട് അസ്റ് നിസ്കരിച്ചാല്‍ മതിയെന്ന് മനസ്സിലാക്കിയ ചില സ്വഹാബികള്‍ അസ്റ് ബനൂഖുറൈളയിലെത്തുന്നത് വരെ പിന്തിച്ചു. നബി (സ) പറഞ്ഞതിന്‍റെ താല്‍പര്യം വേഗം ബനൂഖുറൈളയിലെത്തുകയാണെന്ന് മനസ്സിലാക്കിയ മറ്റു ചിലര്‍ പെട്ടെന്ന് അസ്റ് നിസ്കാരവും കഴിഞ്ഞ് ബനൂഖുറൈളയിലെത്തി. എന്നാല്‍ ഇരുകൂട്ടരുടെയും അഭിപ്രായത്തെ നബി (സ) അംഗീകരിക്കുകയാണുണ്ടായത്. സ്വഹാബത്തിലൂടെ കൈമാറി വന്ന ഇസ്‍ലാമിക ശരീഅത്തിനെ മുജ്തഹിദുകളായ ഇമാമുമാര്‍ സസൂഷ്മം പഠിച്ചു. ഖുര്‍ആനില്‍ നബി (സ) നല്‍കിയ വ്യാഖ്യാനങ്ങളെ സ്വഹാബത്തിലൂടെ നോക്കിക്കണ്ടു. കടുത്ത ത്യാഗങ്ങളനുഭവിച്ച് സ്വഹാബി ശിഷ്യന്മാരെ തേടിപ്പിടിച്ച് സ്വഹാബത്തിന്‍റെ വീക്ഷണങ്ങളും ചിന്താഗതികളും മനസ്സിലാക്കി അവയില്‍ നിന്ന് കര്‍മ്മശാസ്ത്ര വിധികളെ തെരഞ്ഞെടുത്തു.
മദ്ഹബിന്‍റെ ഇമാമുമാര്‍ ഹദീസ് സ്വീകരിക്കുന്നതിന് അവലംഭിച്ച മാനദണ്ഡങ്ങള്‍ ഭിന്നമായിരുന്നു. സംശയ സാധ്യതയില്ലാത്ത വിധം കൂടുതല്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളെയും ഒറ്റപ്പെട്ട റിപ്പോര്‍ട്ടിലൂടെ വന്ന ഹദീസുകളേക്കാള്‍ , തന്‍റെ ബുദ്ധി വൈഭവത്തെയും ആധാരമാക്കിയാണ് ഇമാം അബൂ ഹനീഫ (റ) വിധി കണ്ടെത്തിയത്. ഇമാം മാലിക് (റ) മദീനാ നിവാസികള്‍ വഴി ലഭിച്ച ഹദീസുകള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് മദീനക്കാരുടെ പ്രവര്‍ത്തി എന്ന കണ്ണാടിയിലൂടെ നബിചര്യ നോക്കിക്കണ്ട് അതില്‍ നിന്ന് വിധി കണ്ടെത്താനാണ് ശ്രമിച്ചത്. ഇമാം മാലിക് (റ) ല്‍ നിന്നും അബൂഹനീഫ (റ) ന്‍റെ ശിഷ്യന്മാരില്‍ നിന്നും വിദ്യ നുകര്‍ന്ന ഇമാം ശാഫി (റ) ഈ രണ്ടു ചിന്താധാരയില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. ഒറ്റപ്പെട്ട ഹദീസുകളേക്കാള്‍ തന്‍റെ ബുദ്ധിക്ക് പ്രാധാന്യം നല്‍കുകയോ മദീനക്കാരുടെ പ്രവര്‍ത്തിയിലൂടെ നബിചര്യ വീക്ഷിക്കുകയോ ചെയ്യാതെ സ്വീകാര്യമായ ഹദീസ് കിട്ടിയാല്‍ അതില്‍ നിന്നും മതവിധി കണ്ടെത്തുകയെന്ന നയമാണ് അദ്ദേഹം സ്വീകരിച്ചത്.പത്ത് ലക്ഷത്തോളം ഹദീസ് മനഃപാഠമാക്കിയ ഇമാം ഹന്‍ബല്‍ (റ) ഹദീസിന് കൂടുതല്‍ പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള മറ്റൊരു ചിന്താ ധാരയാണ് പടുത്തുയര്‍ത്തിയത്. വ്യത്യസ്ത മാനദണ്ഡങ്ങള്‍ വെച്ച് മുജ്തഹിദുകളായ ഇമാമുകള്‍ ഹദീസ് സ്വീകരിച്ചപ്പോള്‍ അവര്‍ക്കിടയിലെ അഭിപ്രായങ്ങള്‍ വ്യത്യസ്തമായിത്തീര്‍ന്നു. ചിലരുടെ അടുക്കല്‍ സ്വീകാര്യമായത് മറ്റുള്ളവര്‍ക്ക് സ്വീകാര്യമായില്ല. ഇതാണ് മദ്ഹബുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം. പക്ഷേ, ഇതു നേരത്തെ സൂചിപ്പിച്ച പോലെ ഇസ്‍ലാമിനെതിരല്ല. ഇസ്‍ലാമിന്‍റെ വിശാലതയാണിത് വ്യക്തമാക്കുന്നത്. ഈ ദീനില്‍ സങ്കുചിതത്വമില്ലെന്ന നബിവചനം ഇവിടെ ശ്രദ്ധേയമാണ്. നാലു മദ്ഹബുകള്‍ ഉദ്ധിഷ്ട സ്ഥാനത്തേക്കുള്ള നാലു വഴികള്‍ പോലെയാണ്. അതിന്‍റെ ഉത്ഭവം ഒരു കേന്ദ്രത്തില്‍ നിന്നുമാണ്. നാലു മദ്ഹബുകളില്‍ നിന്ന് ഏതെങ്കിലുമൊന്ന് സ്വീകരിക്കല്‍ മുസ്‍ലിമിന് നിര്‍ബന്ധമാണ്.
മാറിവന്ന സാഹചര്യത്തില്‍ ജീവിത വിഭവങ്ങള്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടത്തില്‍ ഹദീസുകളും കര്‍മ്മശാസ്ത്ര വിധികളും മനുഷ്യ ഹൃദയങ്ങളില്‍ നിന്നും മാഞ്ഞുകൊണ്ടിരിക്കുന്പോള്‍ വരും തലമുറക്ക് ഇസ്‍ലാമിക ശരീഅത്തിനെ എത്തിച്ച് കൊടുക്കുക എന്ന ലക്ഷ്യത്തോടെ സൂക്ഷ്മ ദൃഷ്ടികളായ പൂര്‍വ്വിക പണ്ഡിതര്‍ ഹദീസുകള്‍ ക്രോഢീകരിച്ചതുപോലെ കര്‍മ്മശാസ്ത്ര വിധികളും ഗ്രന്ഥരൂപത്തിലാക്കി സ്വഹാബത്തിനും താബിഉകള്‍ക്കും വാമൊഴിയായി കിട്ടിയ ഇസ്‍ലാമിക ശരീഅത്ത് ഈ സമൂഹത്തിന് കിട്ടിയത് ഇവിടെ മുതല്‍ക്കാണ്. ഇമാം അബൂഹനീഫ (റ), ഇമാം മാലിക് (റ), ഇമാം അഹ്മദ് ബ്നു ഹന്പല്‍ (റ), ഇമാം ശാഫീ (റ) എന്നിവരുടെ അഭിപ്രായങ്ങള്‍ മാത്രം രേഖപ്പെടുത്തുന്നത് കൊണ്ടാണ് മദ്ഹബ് നാലില്‍ ചുരുങ്ങുന്നത്.
ഈയടുത്ത കാലത്തായി ഇസ്‍ലാമിക ഫിഖ്ഹിനെ പുനഃസംഘടിപ്പിക്കണമെന്നും പൂര്‍വ്വികരുടെ ഗ്രന്ഥങ്ങള്‍ അവലംബമാക്കാതെ ഖുര്‍ആനില്‍ നിന്നും ഇജ്തിഹാദിലൂടെ കര്‍മ്മശാസ്ത്ര വിധികള്‍ കണ്ടെത്തണമെന്നുമുള്ള മുറവിളി ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. ഇതിനവര്‍ പറയുന്ന ന്യായം ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതിയുടെ ഫലമായി മനുഷ്യ ജീവിതം മാറിയിട്ടുണ്ടെന്നും പുതിയ സാഹചര്യവുമായി ഇസ്‍ലാമിക ശരീഅത്തിന് സമരസപ്പെട്ട് പോകണമെങ്കില്‍ പൂര്‍വ്വികരുടെ ഗ്രന്ഥങ്ങള്‍ ത്യജിച്ചുകൊണ്ട് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും നേരിട്ട് വിധി കണ്ടെത്തണമെന്നുമാണ് ഇവര്‍ പറയുന്നത്. ഇത് അര്‍ത്ഥശൂന്യമാണെന്ന വസ്തുത ഇവര്‍ മനസ്സിലാക്കുന്നില്ല. ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും നേരിട്ട് വിധികള്‍ കണ്ടെത്തുകയെന്നത് എളുപ്പമാണോ ?. നബി (സ) യുടെ ജീവിതം ഒപ്പിയെടുത്ത സ്വഹാബത്തിനെയും അവരില്‍ നിന്ന് കാര്യങ്ങള്‍ ഗ്രഹിച്ച പൂര്‍വ്വിക പണ്ഡിതരെയും അവലംബിക്കുകയേ നിര്‍വ്വാഹമുള്ളൂ. ഇവരെ ഒഴിച്ച് നിര്‍ത്തിക്കൊണ്ടുള്ള ഒരു ചരിത്ര പഠനം അപൂര്‍ണ്ണമാണ്.
പിന്നെ പുതിയ പ്രശ്നങ്ങള്‍ക്ക് എന്തുണ്ട് വഴി ?. നബി (സ) യുടെയും സ്വഹാബത്തിന്‍റെയും കാലത്തില്ലാത്ത പല പ്രശ്നങ്ങളും ഇന്നുണ്ടല്ലോ. അവക്ക് നാം എങ്ങനെ പരിഹാരം കാണും ?. ന്യായമായ ചോദ്യമാണിത്. ഇസ്‍ലാമിക ഗ്രന്ഥങ്ങളെ കുറിച്ച് ഇക്കൂട്ടര്‍ സസൂക്ഷ്മം പഠിക്കട്ടെ. ഏത് പുതിയ പ്രശ്നങ്ങള്‍ക്കുമുള്ള സൂക്ഷ്മ പരിഹാരം അവയില്‍ കണ്ടെത്താന്‍ സാധിക്കും. ആധുനിക യുഗത്തിലുണ്ടായ പല പ്രശ്നങ്ങളും നൂറ്റാണ്ടുകള്‍ മുന്പേ പണ്ഡിതര്‍ ദീര്‍ഘദര്‍ശനം ചെയ്യുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫുഖഹാക്കളുടെ ദീര്‍ഘവീക്ഷണത്തെ ഉഗ്‍ലൂത്താത്തും കാടുകയറിയ ഭാവനകളുമായി ഒരുകാലത്ത് ചിത്രീകരിച്ചവര്‍ വര്‍ത്തമാനകാലത്ത് അവരുടെ വീക്ഷണം സത്യമെന്ന് തെളിഞ്ഞപ്പോള്‍ നാവടക്കി മാളത്തിലൊളിച്ചിരിക്കുന്നു. മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളില്‍ നിന്നുതന്നെ ഇന്ന് സാര്‍വത്രികമായ രക്തദാനം, ബീജ ബാങ്ക് എന്നീ പ്രശ്നങ്ങള്‍ക്കും പുതുതായി സംജാതമാകുന്ന പ്രശ്നങ്ങള്‍ക്കും വിധി കണ്ടെത്താന്‍ കഴിയും.
ചില അടിയന്തിര ഘട്ടങ്ങളില്‍ ഒരു വ്യക്തിയുടെ ജീവനോ ആരോഗ്യമോ സംരക്ഷിക്കുന്നതിന് വേണ്ടി അള്ളാഹു തനിക്ക് അനുഗ്രഹമായി രക്തദാനം ചെയ്യുന്നത് സത്കര്‍മമല്ലാതെ മറ്റെന്താണ് ?. എന്നാല്‍ രക്തം വില്‍ക്കുന്നത് നിഷിദ്ധം (ഹറാം) ആണ്. മറ്റു ശരീരാവയവങ്ങള്‍ പോലെ രക്തം നജസായതു കൊണ്ടുമാണ് വില്‍ക്കല്‍ ഹറാമായത്. ജീവനോ ആരോഗ്യമോ നശിക്കുന്ന ഘട്ടമെത്തിയാല്‍ രക്തം സ്വീകരിക്കല്‍ നിര്‍ബന്ധമാകുന്നു. ദേഹസുരക്ഷ നല്‍കപ്പെട്ട (രക്തത്തിന് വിലകല്‍പിക്കപ്പെട്ട) ഒരാള്‍ക്ക് ഹലാലായ ആഹാരം ലഭിക്കാത്തതിന്‍റെ പേരില്‍ കഠിന രോഗമോ, മരണമോ സംഭവിക്കുമെന്ന് ഭയപ്പെട്ടാല്‍ നിഷിദ്ധമായ ലഹരി പദാര്‍ത്ഥമല്ലാത്ത രക്തം, ശവം (നായയും പന്നിയുമുള്‍പ്പെടെ) തുടങ്ങിയ വസ്തുക്കള്‍ ലഭിക്കുകയും ചെയ്താല്‍ അവ ഭക്ഷിക്കല്‍ അവന് നിര്‍ബന്ധമാണ്. (തുഹ്ഫ 9, 390). രക്തം സ്വീകരിക്കുന്പോള്‍ അത് ബന്ധുക്കളില്‍ നിന്നായിരിക്കുന്നത് തന്നെയാണ് ഉത്തമം.
ശാസ്ത്രീയമായി സംവിധാനിച്ച കേന്ദ്രങ്ങളില്‍ നിന്ന് മനുഷ്യബീജങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ബുദ്ധിജീവികള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയ പ്രമുഖരും പ്രശസ്തരുമായവരുടെ ബീജങ്ങള്‍ വിലക്കോ ദാനമായോ സംഭരിച്ച് സമൂഹത്തില്‍ ഉന്നതരുടെ മാതാവാവാന്‍ കൊതിക്കുന്ന സ്ത്രീകള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന ബീജങ്ങളെ വന്‍ തുക പ്രതിഫലം വാങ്ങി കുത്തിവെച്ചു കൊടുക്കുന്നു. ഇതാണല്ലോ ഇന്ന് സാര്‍വ്വത്രീകമായി ബീജബാങ്കുകളില്‍ നടക്കുന്നത്. ഇത് വരുത്തിവെക്കുന്ന സാമൂഹികവും സാംസ്കാരികവും കുടുംബപരവുമായ ദൂഷ്യഫലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതെ വയ്യ. ഇതിന്‍റെ ഇസ്‍ലാമിക വിധി എന്താണെന്ന് നോക്കാം. പുരുഷബീജത്തെ സംഭോഗത്തിലൂടെയല്ലാതെ സ്ത്രീകളുടെ ഗര്‍ഭാശയത്തിലേക്ക് പ്രവേശിപ്പിക്കുന്നത് ഇസ്തിദ്ഖാല്‍ എന്നാണ് ഫുഖഹാക്കള്‍ പറയുന്നത്. ബീജബാങ്കില്‍ നിന്ന് നടത്തുന്ന കുത്തിവെക്ക് ഇസ്തിദ്ഖാലിന്‍റെ രതിവേഴ്ചയെപ്പോലെയാണ് ഫുഖഹാക്കള്‍ കാണുന്നത്. ശുക്ലം വിസര്‍ജ്ജനാവസരത്തിലും മുഹ്തറം (പരിശുദ്ധം) ആയിരിക്കുക എന്ന നിബന്ധനയോടെ ശുക്ലം ഗര്‍ഭാശയത്തിലേക്ക് കടത്തല്‍ നിയമാനുസൃതമായ സംഭോഗം പോലെയാണ് (തുഹ്ഫ). ശുക്ലം പരിശുദ്ധമാകുകയെന്നതാണ് ഫുഖഹാക്കള്‍ പറഞ്ഞതിന്‍റെ താല്‍പര്യം. ബീജദാതാവും ബീജം സ്വീകരിക്കുന്ന സ്തീയും ശുക്ലം വിസര്‍ജ്ജിക്കുന്പോഴും പ്രവേശിക്കപ്പെടുന്പോഴും വിവാഹബന്ധം ഉണ്ടായിരിക്കുകയെന്നതാണ് നിബന്ധന. ഇങ്ങനെ ഭര്‍ത്താവിന്‍റെ ബീജം ഭാര്യക്ക് കുത്തിവെച്ചാല്‍ വിവാഹത്തിലൂടെയുള്ള ലൈംഗിക ബന്ധത്തിന്‍റെ വിധിയാണതിന് നല്‍കുക. അതിലുണ്ടാകുന്ന കുഞ്ഞിന് ബീജ ദാതാവുമായി പിതൃബന്ധവും സ്വത്തവകാശവും ഉണ്ടായിരിക്കുന്നതും വിവാഹബന്ധം ഹറാമാകുന്നതുമാണ്. വിവാഹമുക്തമായ ഭാര്യ ഇതുമൂലം ഇദ്ദ ഇരിക്കേണ്ടതായും വരും. വിവാഹ മുക്തിക്ക് ഇദ്ധ നിര്‍ബന്ധമാകുന്നത് സംയോഗത്തിനോ ഇസ്തിദ്ഖാലിനോ ശേഷമാണ്. ശാഫിഈ (റ) വിന്‍റെ ശിഷ്യന്മാരില്‍ നിന്ന് മാവര്‍ദി (റ) ഉദ്ധരിക്കുന്നു. ഇസ്തിദ്ഖാല്‍ നിമിത്തം ഇദ്ദ നിര്‍ബന്ധമാകാനുള്ളതിനുള്ള നിബന്ധന അത് (ഇന്ദ്രിയം) വിസര്‍ജ്ജിക്കപ്പെടുന്പോഴും സ്വീകരിക്കപ്പെടുന്പോഴും അവര്‍ക്കിടയില്‍ ദാന്പത്യബന്ധമുണ്ടായിരിക്കലാണ്. ഒരാളുടെ ശുക്ലം സ്ഖലികപ്പിക്കുകയും തുടര്‍ന്ന് ഒരു സ്ത്രീ അയാളെ വിവാഹം ചെയ്ത് ആ ബീജം ധരിക്കുകയോ ഭാര്യ ഭര്‍ത്താക്കന്മാരായ സമയത്ത് പുറപ്പെട്ട ബീജം വിവാഹമോചനം നടത്തിയ ശേഷം സ്വീകരിക്കുകയോ ചെയ്താല്‍ ഇദ്ദ നിര്‍ബന്ധമില്ല. കുട്ടിയെ ആ പുരുഷനിലേക്ക് ചേര്‍ക്കപ്പെടുന്നതുമല്ല (ശര്‍വാനി). ബീജം കുത്തിവെക്കുന്നതിലൂടെ ജനിക്കുന്ന കുഞ്ഞിന്‍റെ അസ്തിത്വം ഇസ്‍ലാം അംഗീകരിക്കണമെങ്കില്‍ ബീജം ഭാര്യ ഭര്‍ത്താക്കന്മാരുടേതായിരിക്കണം. അന്യപുരുഷന്മാരുടെ ബീജം സ്വീകരിക്കുന്നത് അവരുമായി രതിവേഴ്ചയിലേര്‍പ്പെടുന്നത് പോലെ നിഷിദ്ധമാണ്. അതിലുണ്ടാകുന്ന കുട്ടിക്ക് പിതൃബന്ധമോ സ്വത്തവകാശമോ ഉണ്ടായിരിക്കില്ല. കുട്ടിയെ മാതാവിലേക്ക് ചേര്‍ക്കപ്പെടുന്നതും വിവാഹം, സ്വത്തവകാശം പോലുള്ള കാര്യങ്ങളില്‍ മറ്റു കുട്ടികള്‍ക്കുള്ള നിയമം ബാധകമായിരിക്കുന്നതുമാണ്. ബീജം വില്‍ക്കുന്നതും ഇസ്‍ലാമിക ദൃഷ്ട്രാ തെറ്റാണ്. കുടുംബബന്ധം, സാമൂഹിക വ്യവസ്ഥ എന്നിവയുടെ തകര്‍ച്ചക്ക് ഇത് കാരണമാകുന്നുവെന്നതിനാലാണത്.