ഒരു മനുഷ്യന്ന് സല്‍സ്വഭാവികളായ സന്താനങ്ങള്‍ ഉണ്ടാവുകയെന്നത് അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹങ്ങളില്‍ പെട്ടതാണ്. സന്താന പരിപാലനത്തിന് ഇസ്‍ലാം വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. എല്ലാ കുട്ടികളും ശുദ്ധ പ്രകൃതിയോടെയാണ് ജനിച്ചുവീഴുന്നത്. പിന്നീടവരുടെ മാതാപിതാക്കളാണ് അവരെ മുസ്‍ലിമും ക്രിസ്ത്യാനിയും അഗ്നിയാരാധകരുമൊക്കെയാക്കുന്നത് എന്ന പ്രവാചക വചനം നാം മനസ്സിലാക്കേണ്ടതാണ്. ഇതനുസരിച്ച് തന്‍റെ സന്താനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുവാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. സന്താനങ്ങള്‍ മാതാപിതാക്കളുടെ അടുക്കല്‍ അമാനത്താണെന്ന് പ്രവാചകന്‍ വ്യക്തമാക്കിയിരിക്കുന്നു. അവരെ നല്ലവരാക്കുന്നതും ചീത്തയാക്കുന്നതും അവരുടെ രക്ഷിതാക്കളാണ്. നിഷ്കളങ്കമായ മനസ്സാണ് കുട്ടികളുടേത്. നിര്‍മ്മലമായ അവരുടെ മനസ്സില്‍ നല്ലതു മാത്രമേ പകര്‍ന്നു കൊടുക്കാവൂ. ചീത്തയായ കാര്യങ്ങളാണ് അവന്‍ മനസ്സിലാക്കുന്നതെങ്കില്‍ ഇഹത്തിലും പരത്തിലും അവര്‍ പരാജയപ്പെടുന്നതാണ്.
അല്ലാഹു പറയുന്നു : 'അറിയുക നിങ്ങളുടെ സന്പാദ്യങ്ങളും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാണ്. തീര്‍ച്ചയായും അളളാഹുങ്കലാണ് മഹത്തായ പ്രതിഫലമുള്ളത്. ഈ ആയത്തിന്‍റെ വിശദീകരണത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് സന്പത്തും സന്താനങ്ങളും നമുക്ക് ലഭിക്കുന്നത് അല്ലാഹുവിന്‍റെ പരീക്ഷണങ്ങളാണെന്നാണ്. തനിക്കു ലഭിച്ച സന്താനങ്ങളെ നല്ലനിലയില്‍ വളര്‍ത്തിയും സന്പത്ത് നല്ല മാര്‍ഗ്ഗത്തില്‍ ചെലവുചെയ്തും അല്ലാഹുവിന്‍റെ പ്രീതി കരസ്ഥമാക്കുക. ഇതിന്നെതിരായി വരുന്നതെല്ലാം നാളെ മഹ്ശറയില്‍ നമുക്ക് പരാജയമായിരിക്കുമെന്ന് നാം ഓര്‍ക്കേണ്ടതാണ്.
കുട്ടികളെ വളര്‍ത്തിയെടുക്കുന്നതില്‍ , മാതാക്കള്‍ക്ക് പ്രധാനമായ പങ്കാണുള്ളത്. കാരണം കൂടുതല്‍ സമയവും മാതാവിന്‍റെ അടുക്കലാണ് അവര്‍ കഴിച്ചുകൂടുന്നത്. കുട്ടിയുടെ കാര്യത്തില്‍ ഏറ്റവും നല്ല അധ്യാപിക മാതാവ് തന്നെയാണ്. പ്രസവിച്ച ഉടനെ വലത് ചെവിയില്‍ ബാങ്കും ഇടത് ചെവിയില്‍ ഇഖാമത്തും കൊടുക്കുക, കാരക്ക പോലുള്ളത് കൊണ്ട് വായില്‍ മധുരം പുരട്ടുക, നല്ലതായ പേര് വിളിക്കുക, മുടി നീക്കുക, മുടിയുടെ തൂക്കം വരുന്ന സ്വര്‍ണ്ണമോ വെള്ളിയോ ദാനം ചെയ്യുക, അഖീക്ക അറുക്കുക, ചേലാകര്‍മ്മം ചെയ്യുക തുടങ്ങിയവ മാതാപിതാക്കളുടെ കടമയില്‍ പെട്ടതാണ്.
കുട്ടികള്‍ക്ക് പേരിടുന്ന കാര്യത്തില്‍ നമ്മുടെ രക്ഷിതാക്കള്‍ വളരെയധികം ഉദാസീനത കാണിക്കുന്നുണ്ട്. പേര് കേട്ടിട്ട് ഒരു കുട്ടി ആണോ പെണ്ണോ, മുസ്‍ലിമോ അല്ലാത്തവനെന്നോ എന്ന് തീരുമാനിക്കുക എളുപ്പത്തില്‍ സാദ്ധ്യമല്ല. നബി(സ) പറയുന്നു 'അന്ത്യദിനത്തില്‍ നിങ്ങളെ വിളിക്കപ്പെടുന്നത് നിങ്ങളുടെയും പിതാക്കളുടെയും പേരിലാണ്. അതിനാല്‍ നിങ്ങളുടെ സന്താനങ്ങള്‍ക്ക് നല്ല പേരുകള്‍ നല്‍കുക. അനുവദനീയമായ ഭക്ഷണം കഴിക്കുന്ന സദ്‍വൃത്തയായ മാതാവായിരിക്കണം കുഞ്ഞിന് മുലകൊടുക്കുന്നതും വളര്‍ത്തുന്നതും.
സന്താനങ്ങളെ വളര്‍ത്തുന്നതിന്‍റെ ലക്ഷ്യം പരലോക വിജയമായിരിക്കണം. ബാല്യത്തില്‍ തന്നെ ഇസ്‍ലാമിക ശിക്ഷണത്തില്‍ അവനെ വളര്‍ത്തണം. വകതിരിവെത്തിയാല്‍ അവര്‍ക്ക് മര്യാദ പഠിപ്പിക്കുക. അല്ലാഹുവിനെ കുറിച്ചും പ്രവാചകനെ കുറിച്ചും മനസ്സിലാക്കിക്കൊടുക്കുക. ചെറുപ്പത്തില്‍ അവനില്‍ ശാഠ്യം കാണുന്നുണ്ടെങ്കില്‍ നല്ലരീതിയില്‍ അവനോട് പെരുമാറുക. ഇബ്നു അബ്ബാസ് (റ) പറയുന്നു : ചെറു പ്രായത്തിലുള്ള കുട്ടികളുടെ വികൃതി അവന്‍റെ ബുദ്ധി വര്‍ദ്ധനവിന്‍റെ ലക്ഷണമായി കാണണം. മതപഠന കാര്യത്തില്‍ നിഷ്കര്‍ഷ പുലര്‍ത്തേണ്ട സമയമാണിത്. കുട്ടികളെ ഭയപ്പെടുത്തി ഒരിക്കലും പഠിപ്പിക്കരുത്. നല്ല സമ്മാനങ്ങള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തുകൊണ്ട് അവരെ പഠിപ്പിക്കുക.
നിങ്ങളില്‍ നിസ്കരിക്കുന്നവന് പത്ത് പഴങ്ങള്‍ ഞാന്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് സബീദുല്‍ യാഫീ എന്ന മഹാന്‍ തന്‍റെ സന്താനങ്ങളോട് വാഗ്ദാനം ചെയ്തിരുന്നു. ഇബ്റാഹീമുബ്നു അദ്ഹം തന്‍റെ മകനെ വിളിച്ചു ഇങ്ങനെ പറഞ്ഞു : പ്രിയമകനെ നീ ഹദീസ് പഠനത്തില്‍ നിരതനാകാന്‍ ഒരുക്കമാണോ എങ്കില്‍ ഓരോ ഹദീസ് ശ്രവിക്കുന്ന അവസരത്തിലും നിനക്ക് ഓരോ ദിര്‍ഹം ഞാന്‍ നല്‍കുന്നതാണ്. ഈ വാഗ്ദാന പ്രകാരം അവന്‍ ഹദീസ് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു.
കുട്ടികള്‍ക്ക് ലജ്ജാബോധവും ധര്‍മ്മ ബോധവും നല്‍കണം. ചീത്ത കൂട്ടുകെട്ടിനെ തൊട്ട് അവനെ തടയണം. സച്ചരിതരായ മഹാന്മാരുടെ കഥകള്‍ അവന്ന് പറഞ്ഞ് കൊടുക്കണം. അമിതമായ ഭക്ഷണരീതിയും ഉറക്കിനെ തൊട്ടും അവനെ തടയണം. ഒരു തത്വജ്ഞാനി ഇങ്ങനെ പറയുന്നു : ഏഴ് വര്‍ഷം നിന്‍റെ സന്താനം നിനക്ക് പൊന്‍പുഷ്പമായി മാറണം. ഏഴ് വര്‍ഷം നിന്‍റെ സേവകനും. പതിനാല് വയസ്സായാല്‍ നല്ല നിലയില്‍ നിന്‍റെ സന്താനങ്ങളോട് പെരുമാറിയാല്‍ അവന്‍ നിന്‍റെ കൂട്ടുകാരനാകുന്നതാണ്. മോശമായ നിലയിലാണ് നീ പെരുമാറുന്നതെങ്കില്‍ അവന്‍ നിന്‍റെ ശത്രുവാകുന്നതാണ്.
കുട്ടികളെ സ്നേഹിക്കല്‍ ഇസ്‍ലാം നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത് അതിരു കവിയരുത്. അങ്ങിനെയായാല്‍ അത് വളരെ ദോഷം ചെയ്യുന്നതാണ്. അവരോടുള്ള അമിതമായ സ്നേഹത്തിന്‍റെ പേരില്‍ അവരുടെ ആഗ്രഹത്തിനൊത്ത് നീങ്ങുന്നത് അപകടകരമാണ്. ഇത്തരം കുട്ടികള്‍ പാരത്രിക ലോകത്തെ മറക്കുകയും ഭൗതിക ലോകത്തെ സുഖാനുഭൂതികളുടെ പിറകെ പോവുകയുമാണ് ചെയ്യുക. അല്ലാഹു പറയുന്നു : 'സത്യവിശ്വാസികളെ നിങ്ങളുടെ സന്പത്തും, സന്താനങ്ങളും അല്ലാഹുവിന്‍റെ സ്മരണ വിട്ട് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. വല്ലവരും അത് ചെയ്താല്‍ അവര്‍ തന്നെയാണ് നഷ്ടപ്പെട്ടവര്‍ '.
നമ്മുടെ സന്താനങ്ങളുടെ കൂട്ടുകാര്‍ എങ്ങനെയുള്ളവരായിരിക്കണമെന്ന് ഇസ്‍ലാം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. കൗമാരപ്രായം കഴിഞ്ഞ് ഭൗതിക വിദ്യാലയങ്ങളില്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് നാം വളരെയധികം ശ്രദ്ധിക്കേണ്ടത്. ഇന്നത്തെ വിദ്യാര്‍ത്ഥി സമൂഹം ഭൂരിഭാഗവും പിഴക്കുന്നത് ചീത്ത കൂട്ടുകെട്ടില്‍ നിന്നാണെന്ന് കാര്യം നാം വിസ്മരിക്കരുത്. ചീത്ത കൂട്ടുകെട്ടില്‍ അകപ്പെട്ടു വഴിപിഴച്ചവര്‍ പരലോകത്തുവെച്ചു വിലപിക്കുന്നവരെപ്പറ്റി അല്ലാഹു ഖുര്‍ആനിലൂടെ പറയുന്നു. 'അല്ലാഹുവാണെ സത്യം. ഞങ്ങള്‍ വ്യക്തമായ വഴികേടിലായിരുന്നു. ആരാധ്യരും ഇബ്‍ലീസിന്‍റെ അനുയായികളും ലോക രക്ഷിതാവിന് തുല്യമായി ഞങ്ങള്‍ കരുതി. അക്രമികളാണ് ഞങ്ങളെ പിഴപ്പിച്ചത്. ഞങ്ങള്‍ക്കൊരു ശുപാര്‍ശകനില്ലാതെ പോയല്ലോ. ഒരു ആത്മ സുഹൃത്ത് ഞങ്ങള്‍ക്കുണ്ടായില്ലല്ലോ'.
തന്നെ സ്നേഹിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഒരു സുഹൃത്ത് തനിക്കുണ്ടായിരുന്നെങ്കില്‍ അവന്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു നന്നാവാന്‍ തന്നെ പ്രേരിപ്പിക്കുമായിരുന്നു. അതിനാല്‍ തന്‍റെ പാരത്രിക ജീവിതം വിജയപ്രദമായി തീരുമായിരുന്നുവെന്നും അവന്‍ അവിടെ വെച്ചാണ് മനസ്സിലാക്കുക. അതിനാല്‍ രക്ഷിതാക്കള്‍ തന്‍റെ സന്താനങ്ങളെ ചെറുപ്പത്തില്‍ തന്നെ ദീനീബോധത്തിലും നല്ല കൂട്ടുകെട്ടിലും വളര്‍ത്തി അവരെ തനിക്കുപകരിക്കുന്ന സന്താനങ്ങളായി തീരാനുള്ള സാഹചര്യം ഒരുക്കേണ്ടതാണ്.
സന്താനങ്ങളെ നാം ഒരിക്കലും ശപിക്കരുത്. കാരണം മാതാക്കളുടെ പ്രാര്‍ത്ഥന മക്കള്‍ക്ക് ഫലം ചെയ്യുന്നതാണ്. പ്രത്യേകിച്ച് പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയത്താണെങ്കില്‍ അത് വലിയ ദോഷം ചെയ്യുന്നതാണ്. സ്വാലിഹായ മക്കളാല്‍ ലഭിക്കുന്ന പ്രാര്‍ത്ഥനയാണ് മരിച്ച് മണ്ണറക്കുള്ളിലായാല്‍ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു : 'അല്ലാഹു ഒരാളെ ഏതൊന്നില്‍ സംരക്ഷണ ചുമതല ഏല്‍പ്പിച്ചുവോ അതിനെ കുറിച്ച് അവനോട് ചോദിക്കപ്പെടുന്നതാണ്. അവന്‍ സംരക്ഷിച്ചാലും, പാഴാക്കിയാലും. പ്രവാചകന്‍ പറഞഞു. ഒരാള്‍ തന്‍റെ സന്തതിക്ക് ഒരു അദബ് പഠിപ്പിക്കല്‍ ഒരു സാഅ് ധാന്യം ദാനം ചെയ്യുന്നതിനേക്കാള്‍ ഉത്തമമാണ്.
കുട്ടികളോട് കാരുണ്യം കാണിക്കണമെന്ന് നബി(സ) പറഞ്ഞിരിക്കുന്നു. ഒരിക്കല്‍ നബിയും സ്വഹാബികളും നിസ്കരിക്കുന്പോള്‍ പേരക്കുട്ടിയായ ഹുസൈന്‍ (റ) നബിയുടെ പിരടിയില്‍ കയറിയിരുന്നതിനാല്‍ നബി സുജൂദ് വളരെയധികം നീട്ടി. നിസ്കാര ശേഷം സ്വഹാബികള്‍ കാര്യമന്വേഷിച്ചപ്പോള്‍ നബി പറഞ്ഞു : എന്‍റെ പേരമകന്‍ ഞാന്‍ സുജൂദിലായപ്പോള്‍ എന്നെ വാഹനമാക്കി. അവന്‍റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കേണ്ടി വന്നപ്പോള്‍ ഞാന്‍ സുജൂദ് നീട്ടിയതാണ്. പ്രവാചകന്‍ കുട്ടികളോട് കാട്ടിയ മാതൃക നമുക്ക് മാതൃകയാണ്.
- സത്യധാര 2008 ഒക്ടോബര്‍ 1-15