പരിശുദ്ധ ഖുര്ആന്റെ വലിയൊരു ഭാഗം ചരിത്രവിവരണത്തിനു വേണ്ടിയാണ് മാറ്റി വെക്കപ്പെട്ടിരിക്കുന്നത്. മനുഷ്യവംശത്തിന്റെ ഉദ്ഭവം, ആദ്യകാല സമുദായങ്ങളും അവരുടെ ജീവിതരീതികളും സച്ചരിതരായ പ്രവാചക•ാര്, ദുര്വൃത്തരായ സമുദായക്കാര്ക്കു പിണഞ്ഞ ദുര്യോഗം തുടങ്ങി ചരിത്രത്തിന്റെ നാഴികക്കല്ലുകളായി വര്ത്തിച്ച നിരവധി വ്യക്തികളുടെയും ജന വിഭാഗങ്ങളുടെയും വൃത്താന്ത കഥകള് നിരത്തിവെച്ചു കൊണ്ടു ഖുര്ആന് നമ്മോടു നിര്ദ്ദേശിക്കുന്നു: ''നിങ്ങള് ഭൂമിയിലുടനീളം സഞ്ചരിക്കുക എന്നിട്ട് കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക (27:69)'' ഉല്ലേഖനം ചെയ്യപ്പെട്ട ചരിത്ര സംഭവങ്ങളുടെയും ഉദ്ഘനന ഗവേഷണങ്ങളിലൂടെ ഉരുത്തിരിച്ചെടുക്കേണ്ട വസ്തുതകളെയും ഒരുപോലെ ഉള്ക്കൊള്ളുന്നതാണ് ഈ ആഹ്വാനം.
ഖുര്ആന്റെ ചരിത്ര വിവരണത്തിന് അനന്യസാധാരണമായ ചില സവിശേഷതകളുണ്ട്. മനുഷ്യോല്പത്തി മുതല് ചരിത്രാതീത കാലമെന്ന് നാം വിളിക്കുന്ന സാങ്കേതിക അതിര്വരമ്പിനപ്പുറമുള്ള സംഭവങ്ങളുടെ സൂക്ഷ്മതലങ്ങള് പോലും വസ്തുനിഷഠമായി ഖുര്ആന് അവതരിപ്പിക്കുന്നു. മനുഷ്യന് ഭാവിയെ രൂപപ്പെടുത്താനുതകുന്ന ഗുണപാഠങ്ങളും മാര്ഗ്ഗനിര്ദ്ദേശങ്ങളും നല്കുകയെന്ന ചരിത്രധര്മ്മം ഏറ്റവും ഭംഗിയായി നിര്വ്വഹിക്കുന്നതില് ചരിത്രഗ്രന്ഥങ്ങളെപോലും ഖുര്ആന് പിന്നലാക്കുന്നു. പൂര്വ്വകാല സമുദായങ്ങളുടെ ജീവിത രീതികളും അവരുടെ ജയാപചയങ്ങള്ക്ക് നിമിത്തമായ ആദര്ശ-വിശ്വാസ വൈചിത്ര്യങ്ങളും അനാവരണം ചെയ്യുന്ന ഒട്ടുമിക്ക സംഭവകഥകളും ''നിശ്ചയം ഇതില് ചിന്തിക്കുന്നവര്ക്ക് ദൃഷ്ടാന്തമുണ്ട്'' എന്ന വാക്യത്തിന്റെ അകമ്പടിയോടെയാണവസാനിപ്പിക്കുന്നത്.
നിലവിലുള്ള ചരിത്രങ്ങളില് അധികവും വിരചിതമായത് രാജകൊട്ടാരങ്ങളുമായി ചുറ്റിപ്പറ്റി നിന്നുകൊണ്ട്, അവരുടെ ആനുകൂല്യങ്ങള്ക്കുവേണ്ടി, പേരും പെരുമയും വര്ദ്ധിപ്പിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു. അതുകൊണ്ടു തന്നെ ഒരു സമൂഹത്തെ പ്രതിനിധീകരിക്കുന്നതില് അവ അപര്യാപ്തമാണ്. കാരണം സമരങ്ങളും സൈനിക നീക്കങ്ങളുമാണ് ഒരു സമൂഹത്തിന്റെ മുഖഛായ നിര്ണ്ണയിക്കുന്നതെങ്കിലും അവയുടെ പ്രചോദകങ്ങളായി വര്ത്തിക്കാനുതകുന്ന വിശ്വാസങ്ങളും ആദര്ശങ്ങളുമാണ് അവരുടെ ജീവിതരീതികളെ രൂപപ്പെടുത്തുന്നത്. ആദര്ശ പുരുഷ•ാരായ പ്രവാചക•ാരെയാണ് ഖുര്ആന് ചരിത്രത്തിന്റെ ചാലകശക്തികളായി ഗണിക്കുന്നത്. അവരുടെ പ്രവര്ത്തനമേഖല ഒരേ സമയത്ത് സാധാരണക്കാരെയും ഭരണ നേതൃനിരയെയും ഒരുപോലെ സ്വാധീനിക്കുന്നതായിരുന്നു.
വസ്തുനിഷഠതയാണ് ഖുര്ആന്റെ ചരിത്ര വിവരണങ്ങളുടെ മറ്റൊരു സവിശേഷത. മറ്റുപല മതഗ്രന്ഥങ്ങളിലുമുള്ള പോലെ യക്ഷിക്കഥകളോ ഭാവനാ വിലാസങ്ങളോ ഖുര്ആനിലിടം നേടിയിട്ടില്ല. വിവരണങ്ങള്ക്കിടയില് വിയോജിപ്പോ വൈരുധ്യമോ കാണുക സാധ്യമല്ല. ഇതര ചരിത്ര ഗ്രന്ഥങ്ങളില് നിന്നെല്ലാം ഭിന്നമായി ഓരോ വ്യക്തികളെക്കുറിച്ചും വെവ്വേറെ അധ്യായങ്ങള് വിവരിക്കുന്നതിനു പകരം ഓരേ വ്യക്തിയെക്കുറിച്ചുള്ള ചരിത്രവസ്തുതകള് വ്യത്യസ്ത അധ്യായങ്ങളില് തികച്ചും സന്ദര്ഭോചിതമായ രീതിയില് വിവരിക്കുന്ന വേറിട്ട ഒരു രീതിയാണ് ഖുര്ആന് സ്വീകരിക്കുന്നത്.
സമ്പന്നരും നിര്ധനരും തമ്മിലുള്ള നിരന്തര സംഘട്ടനങ്ങളുടെ ആവര്ത്തന ചിത്രങ്ങളായാണ് കാറല് മാക്സ് ചരിത്രത്തെ നിര്വചിച്ചതെങ്കില് ധര്മവും അധര്മവും തൗഹീദും ബഹുദൈവവാദവും തമ്മിലുള്ള പരസ്പര സംഘട്ടനങ്ങള് നിറഞ്ഞതാണ് ചരിത്രമെന്ന് ഖുര്ആന് വിലയിരുത്തുന്നു. പൈശാചിക പ്രേരണയുടെ ഫലമായി ജനങ്ങള് അധര്മങ്ങളില് മുഴുകുമ്പോള് ധര്മരക്ഷകനായ ഒരു പ്രവാചകന് നിയുക്തനാവുന്നു. ഒരു വിഭാഗം അംഗീകരിക്കുകയും മറുവിഭാഗം എതിര്ക്കുകയും ചെയ്യുന്നതോടെ സമൂഹം രണ്ടുചേരിയായി പിളരുന്നു.
മിക്ക സന്ദര്ഭങ്ങളിലും ദൈവ സഹായത്തോടെ ധര്മപക്ഷം വിജയം വരിക്കുന്നു. ''അങ്ങനെ സത്യവിശ്വാസികളെ ശത്രുക്കളുടെമേല് നാം സഹായിച്ചു. ദൈവാനുഗ്രഹത്താല് അവര് വിജയികളായി''(ഖു: 61:14). എന്നാല് അധികാരവും സമ്പത്തുമുള്ളവര് ഏറിയകൂറും അധര്മത്തിന്റെ പക്ഷത്താണ് അണിനിരക്കാറുള്ളത് എന്ന വസ്തുതയും ഖുര്ആന്റെ വരികള്ക്കിടയില് നിന്ന് വായിച്ചെടുക്കാം. ഇതിന്നപവാദമായി പ്രവാചക•ാര് തന്നെ സമ്പന്നരും അധികാര കേന്ദ്രവുമായ സന്ദര്ഭങ്ങളുമുണ്ട്.
ചരിത്രത്തിന്റെ ഉപരിതലം ലളിതവും ശാന്തവുമാണ്. എന്നാല് സങ്കീര്ണ്ണവും ചിന്തോദ്ദീപകവുമായ ഒരാന്തരിക മണ്ഡലം ചരിത്രത്തിനുണ്ട്. വൃത്താന്തങ്ങളും കഥകളും കേള്ക്കുന്നതില് അധികമാളുകളും തല്പ്പരരാണെങ്കിലും അത്ഭുതകരമായ ഈ ഉള്ത്തലത്തിലേക്ക് കണ്ണെത്തിക്കാന് അധികമാരും ശ്രമിക്കാറില്ല. ചരിത്രത്തിന്റെ സ്വഭാവ രീതികള്, ചലനഗതി, ഉത്ഥാനപതനങ്ങള് എന്നിവ വിലയിരുത്തുമ്പോള് അജയ്യനും സര്വ്വശക്തനുമായ ദൈവത്തിന്റെ അദൃശ്യകരങ്ങളുടെ അനിഷേധ്യ സാന്നിധ്യമാണതിനു പിന്നിലെന്നു ബോധ്യമാവും. ഓരോ നിമിഷവും ലോകത്തു നടക്കുന്ന ക്രമാനുഗ്രതവും വ്യവസ്ഥാപിതവുമായ പ്രവര്ത്തനങ്ങളെക്കുറിച്ചൊന്നാലോചിക്കുക.
ഒരു നോവലിന്റെ അല്ലെങ്കില് കഥയുടെ മികവും സൗന്ദര്യവും പ്രകടമാവുന്നത് രചയിതാവ് കഥാപാത്രങ്ങളെ സൃഷ്ടിച്ച് വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്നതിനനുസരിച്ചാണ്. വിശ്വദാര്ശനികനും നോവലിസ്റ്റുമായ ടോള്സ്റ്റോയ് തന്റെ 'യുദ്ധവും സമാധാനവും' എന്ന കൃതിയില്, അനുപമമായ ഭാവനാ വിലാസത്തിലൂടെ വ്യത്യസ്ത സ്വഭാവമുള്ള നൂറ് കണക്കിന് കഥാപാത്രങ്ങളെ സൃഷ്ടിച്ച് വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്നതിലൂടെ തന്റെ സര്ഗവിലാസവും സൃഷ്ടി വൈഭവവും പ്രകടമാക്കുന്നു.
ഭൂമുഖത്ത് കോടാനുകോടി മനുഷ്യരുണ്ട്. ചരിത്രത്തിലെ നിര്ണായകമോ, അപ്രധാനമോ ആയ കഥാപാത്രങ്ങളാണവരത്രയും. അവരോരോത്തരുടെയും ജീവിതാനുഭവങ്ങള് ഭംഗിയായി എഴുതിയാല് അവയില് പലതും ഇന്നു ലോകത്ത് അറിയപ്പെട്ട നോവലുകളെ കവച്ചു വെക്കുന്നവയായിരിക്കും. ഒരു തലമുറയുടെ, ലോകജന സമൂഹത്തിന്റെ തന്നെ ഗതിതിരിച്ചുവിട്ട് പൊട്ടക്കിണറ്റില് നിന്ന് അധികാരക്കസേരയിലെത്തിപ്പെട്ട യൂസുഫ് (അ)ന്റെ ആകര്ഷകമായ ചരിത്രത്തില് കാരുണ്യം, വിദ്വേഷം, അസൂയ, വിട്ടുവീഴ്ച തുടങ്ങിയ ഭിന്ന സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെ എത്ര ഭംഗിയായാണ് സംഭവലോകത്ത് അവതരിപ്പിച്ചത്. ചരിത്രവിവരണത്തിന്റെ മുഖക്കുറിപ്പായി ഖുര്ആന് വിവരിക്കുന്നു: ''നിശ്ചയം അന്വേഷകര്ക്കിതില് വേണ്ടത്ര ദൃഷ്ടാന്തങ്ങളുണ്ട്''. ഇങ്ങനെ വിഭിന്നവും വിചിത്രവുമായ കോടിക്കണക്കിന് കഥാപാത്രങ്ങളാല് കോര്ത്തിണക്കപ്പെട്ട ലോകചരിത്രത്തിന്റെ രചയിതാവായ അല്ലാഹുവിന്റെ സൃഷ്ടിവൈഭവം എത്രമാത്രം വിസ്മയാവഹമാണ്. ''അവന് സകല വസ്തുക്കളെയും സൃഷ്ടിച്ചു. അവയെ ഭദ്രമായും സുനിശ്ചിതമായും കൈകാര്യം ചെയ്യുന്നവനാണ്'' എന്ന ഖുര്ആന് വാക്യത്തിലെ ഉള്പ്പൊരുളുകള് എത്രമാത്രമാണെന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂ.
ചരിത്രത്തിന് അതിന്റേതായ ഒരു ചലനഗതിയുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെന്ന പോലെ ഉയര്ച്ചയും തകര്ച്ചയും സന്തോഷവും ദുഃഖവും നിശ്ചിതമായ കാലഗതിയുമുണ്ട്. വിശ്വപ്രസിദ്ധ ചിന്തകനും ചരിത്ര ദാര്ശനികനുമായ ഇബ്നു ഖല്ദൂന് തന്റെ ചരിത്ര ഗ്രന്ഥത്തിന്റെ ആമുഖത്തില് ചരിത്രത്തിന്റെ ഈ ചലനഗതിയെ അപഗ്രഥിക്കാന് ശ്രമിക്കുന്നുണ്ട്. പാശ്ചാത്യന് ചരിത്രപണ്ഡിതനായ ആര്ണോള്ഡ് ടോയന്ബിയും മനുഷ്യജീവിതത്തിന്റെ സവിശേഷമായ പല ഗുണങ്ങളും ചരിത്രത്തില് കണെ്ടത്താന് ശ്രമിക്കുന്നു. ഏതായിരുന്നാലും ചരിത്രത്തിന്റെ വ്യവസ്ഥാപിത ചലനക്ക്രമത്തെ ആര്ക്കും നിഷേധിക്കാന് സാധ്യമല്ല. ആരാണ് ചരിത്രത്തെ ഇത്രമാത്രം ക്രമബദ്ധമായി മുന്നോട്ടു കൊണ്ടുപോവുന്നത്? കേവലം ആകസ്മികമെന്ന് ഇതിനെ വിലയിരുത്താമോ? മനുഷ്യരാരെങ്കിലും തന്റെ ജീവിതവും പ്രവര്ത്തനങ്ങള ും ചരിത്രത്തിനനുസരിച്ച് ക്രമീകരിക്കുന്നതുകൊണ്ടാണോ ഇതു സംഭവിക്കുന്നത്. ഒരിക്കലുമല്ല. ഓരോരുത്തരും തന്റെ ഭാഗധേയം നിര്വഹിക്കുന്നു. നാമറിയാത്ത ഒരദൃശ്യശക്തി ഇവയെല്ലാം കോര്ത്തിണക്കി വ്യവസ്ഥാപിത രൂപം നല്കുന്നു. അവന് തന്നെയാണ് നമ്മെയും സൃഷ്ടിച്ചത്. ''അല്ലാഹു നിങ്ങളെയും നിങ്ങളുടെ പ്രവര്ത്തനങ്ങളെയും സൃഷ്ടിച്ചു.''
ഒരു വ്യക്തിയുടെ ജീവിതത്തിലെന്ന പോലെ സമൂഹ ചരിത്രത്തിലും നിരവധി ആകസ്മിക സംഭവങ്ങള് കാണാം. ആകസ്മികം എന്നാല് നമ്മുടെ നിയന്ത്രണ സ്വാധീനങ്ങള്ക്കപ്പുറമുള്ളത് എന്നാണല്ലോ. നമ്മുടെ ജീവിതത്തിന്റെ ഭാവിനിര്ണ്ണയിക്കുന്നതും ഗതി തിരിച്ചുവിടുന്നതും പലപ്പോഴും ഇത്തരം യാദൃശ്ചിക സംഭവങ്ങളായിരിക്കും. ലോക ചരിത്രത്തിന്റെ ഒഴുക്ക് തിരിച്ചുവിട്ട പല വ്യക്തിത്വങ്ങളുടെയും സംഭവങ്ങളുടെയും അരങ്ങേറ്റത്തിന് വഴിയൊരുക്കിയത് ഇത്തരം ആകസ്മിക സംഭവങ്ങളാണെന്ന് പറഞ്ഞാല് തെറ്റില്ല. അഥവാ മനുഷ്യന്ന് വെളിയില് ഒരദൃശ്യ ശക്തിയുടെ നിരന്തരമായ ഇടപെടലുകള് ഇവയിലെല്ലാം ദൃശ്യമാണ്.
അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഭൂതം, ഭാവി എന്നീ അന്തരങ്ങള് അപ്രസക്തമാണ്. സമയമെന്ന ആപേക്ഷികതയിലൂടെ വിലയിരുത്തുമ്പോള് മാത്രമാണ് നമുക്കത്തരം സാങ്കേതിക തിരിവുകള് അനുഭവപ്പെടുന്നത്. എല്ലാം അവന് നേരത്തെ ആസൂത്രണം ചെയ്തവയാണ്.
അല്ലാഹുവിന്റെ 'ഖദ്ര്' എന്ന വിശേഷണത്തിന്റെ സാക്ഷാല്ക്കാരമാണിവയത്രയും. നിശ്ചിത സമയത്തേക്ക് തയ്യാറാക്കപ്പെട്ട ഒരു ഫിലിമിനകത്ത് അടക്കം ചെയ്യപ്പെട്ട ഒരു തിരക്കഥയോടു നമുക്കിതിനെ ഉപമിക്കാം. മനുഷ്യരാകുന്ന നാമാണതിലെ കഥാപാത്രങ്ങള്. തിയേറ്ററില് വെച്ച് വീക്ഷിക്കുന്ന ഒരു പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം പിന്നിട്ട ഒരു മണിക്കൂര് അയാള്ക്ക് അറിയാവുന്നതും വരാനിക്കുന്നത് അജ്ഞാതവുമാണ്. എന്നാല് അതിന്റെ സംവിധായകന് പിന്നിട്ടതും വരാനിരിക്കുന്നതും സമാനമാണ്. എന്നാല് പിന്നിട്ടതിന്റെ അടിസ്ഥാനത്തില് വരാനിരിക്കുന്നതിനെക്കുറിച്ച് ചില നിഗമനങ്ങളിലെത്താം. ഗതകാല സംഭവങ്ങള്ക്ക് ഭാവിയെ രൂപപ്പെടുത്തുന്നതിലുള്ള സ്വാധീനം ഇതിനു സമാനമാണ്.
പ്രവര്ത്തന സ്വാതന്ത്ര്യമോ, തന്റെ ഭാവിയും ഭാഗധേയവും നിര്ണയിക്കാനുള്ള അവസരമോ ഇല്ലാത്ത, ചരിത്രത്തിന്റെ പണിയായുധങ്ങളാണ് മനുഷ്യനെന്നൊന്നും ഇതിനര്ത്ഥമില്ല. സ്വതന്ത്രനായ മനുഷ്യന്റെ പ്രവര്ത്തനങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നത്. മുഹമ്മദ് നബി(സ്വ), യേശുക്രിസ്തു, നെപ്പോളിയന്, ഹിറ്റലര് തുടങ്ങിയവരൊക്കെ ചരിത്രത്തിന്റെ ഗതി തന്നെ തിരുത്തിക്കുറിച്ചവരാണ്.